കോഴിക്കോട്: ദക്ഷിണേന്ത്യയില്‍ ചരക്കുലോറികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഉയര്‍ത്തിയ വാഹന ഇന്‍ഷുറന്‍സ് തുക വെട്ടികുറയ്ക്കാമെന്ന ഉറപ്പ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി( ഐആര്‍ഡിഎ) യുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയതോടെയാണ് സമരം പിന്‍വലിക്കാന്‍ ലോറി ഉടമകള്‍ തയാറായത്.
അനുരഞ്ജന ചര്‍ച്ചകള്‍ ഒന്നിനു പിന്നാലെ പരാജയമായതോടെ രാജ്യവ്യാപകമായി സമരം വ്യാപിപ്പിക്കുമെന്ന് ഉടമകള്‍ അറിയിച്ചതിനു പിന്നാലെ നടന്ന ചര്‍ച്ച വിജയിക്കുകയായിരുന്നു.
ചരക്കുലോറിക്കു പിന്നാലെ മിനി ലോറികള്‍, കണ്ടെയ്നറുകള്‍, ടിപ്പര്‍, ഗ്യാസ് ടാങ്കര്‍ ലോറികള്‍ എന്നിവ ഉള്‍പ്പെടെ സമരത്തിലേയ്ക്ക് നീങ്ങുമെന്ന് ലോറി ഉടമകള്‍ ഇന്നറിയിച്ചു. പിന്നാലെ ചരക്കുമായെത്തിയ ലോറികള്‍ തടയുമെന്നും ഭീക്ഷണി ഉയര്‍ത്തിയിരുന്നു. നിശ്ചലമായ വിപണി പൂര്‍ണ സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുമെന്ന സാഹചര്യം നിലനില്‍ക്കെയാണ് ഇന്‍ഷുറന്‍സ് തുക കുറയ്ക്കാന്‍ തീരുമാനമായത്.
വിഷു- ഈസ്റ്റര്‍ വിപണിയെ ചരക്കുലോറി സമരം ബാധിക്കുമെന്ന ആശങ്കയും ഇതോടെ നീങ്ങി. പലവ്യഞ്ജന സാധനങ്ങള്‍ക്കൊപ്പം പച്ചക്കറി വിപണിയും ഇടിയുകയും സാധനങ്ങള്‍ ലഭ്യമാകാത്ത അവസ്ഥ പലയിടങ്ങളിലും രൂക്ഷമാകുകയും ചെയ്തിരുന്നു.
ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 30 മുതലാണ് ലോറി ഉടമകള്‍ സമരത്തിലേയ്ക്ക് നിങ്ങിയത്. ഒരു വിഭാഗം സമരത്തില്‍ നിന്ന് വിട്ടു നിന്നിരുന്നുവെങ്കിലും മൊത്ത വിപണി സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങി. ഇന്‍ഷുറന്‍സ് പ്രീമിയം പിന്‍വലിക്കുക, ആര്‍ടിഒ ഫീസുകള്‍ കുറയ്ക്കുക, ടോളുകള്‍ കുറയ്ക്കുക, പഴക്കമുള്ള വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലോറി ഉടമകള്‍ സമരം ആരംഭിച്ചത്.






