
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റ നീക്കം സൈന്യം തകര്‍ത്തു. കേരന്‍ സെക്ടറിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാലു തീവ്രവാദികളെ സൈന്യം വധിച്ചു. ബുധനാഴ്ച ശ്രീനഗര്‍, അനന്തനാഗ് ലോക്സഭ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നിന്ന് ജനങ്ങളെ അകറ്റുക എന്ന ലക്ഷ്യത്തോടെ നടന്ന സംഘര്‍ഷത്തില്‍ എട്ടു പേര് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ നീക്കമുണ്ടായത്. ഞായറാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പ്രതിരോധ വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു.
മേഖലയില്‍ പരിശോധന തുടരുകയാണ്. സൈന്യത്തിന്റെ ഭാഗത്ത് ആള്‍നാശമില്ലെന്നും കേണല്‍ കാലിയ അറിയിച്ചു. ഞായറാഴ്ച രാവിലെ ശ്രീനഗറില്‍ വ്യാപകമായി സംഘര്‍ഷം നടന്നിരുന്നു. ദക്ഷിണ കശ്മീരിലെ കുല്‍ഗം ജില്ലയില്‍ തീവ്രവാദികള്‍ പോലീസ് സ്റ്റേഷന് തീയിട്ടിരുന്നു. ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് വിഘടനവാദികള്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.






