Authored by Web Desk | Last updated: 10 Apr 2017, 1:18 PM | 1 min read
യാത്രക്കിടെ യുവതി പ്രസവവേദന കൊണ്ട് പുളയുന്നത് ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ അവരെ ശുശ്രൂഷിക്കാന്‍ മുന്നോട്ടുവരികയായിരുന്നുവെന്ന് എയര്‍ലൈന്‍സ് കമ്പനി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഇസ്താംബൂള്‍: 42,000 അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍ ഒരു ജീവന്റെ പിറവി. ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിലാണ് യാത്രാമധ്യേ യുവതി പ്രസവിച്ചത്. ഞായറാഴ്ച നടന്ന അപൂര്‍വ്വ പ്രസവത്തിന് ശുശ്രൂഷകരായത് എയര്‍ലൈന്‍സ് ജീവനക്കാരും. കുഞ്ഞിനെ പുതുജീവിതത്തിലേക്ക് സ്വീകരിക്കാന്‍ ഏതാനും യാത്രക്കാരും സന്നദ്ധരായി.
നാഫി ദിയാബി (28) എന്ന യുവതിയാണ് യാത്രമധ്യേ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കദിജു എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അമ്മയും കുഞ്ഞും ഇപ്പോള്‍ ബുര്കിനാ ഫാസോയിലെ ആശുപത്രിയില്‍ സുഖമായിരിക്കുന്നു. അമ്മയുടേയും കുഞ്ഞിന്റേയും ചിത്രങ്ങള്‍ എയര്‍ലൈന്‍സ് പുറത്തുവിട്ടു. ഇരുവര്‍ക്കും ആശംസ നേര്‍ന്ന് നവമാധ്യമങ്ങളില്‍ നിന്ന് സന്ദേശങ്ങള്‍ ഒഴുകുകയാണ്.
ഗനിയയുടെ തലസ്ഥാനമായ കൊണാക്രിയില്‍ നിന്നും ഇസ്താംബൂളിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ഔഗദോഗൗ വഴിയാണ് വിമാനം തുര്‍ക്കിയിലേക്ക് പറന്നത്. യാത്രക്കിടെ യുവതി പ്രസവവേദന കൊണ്ട് പുളയുന്നത് ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ അവരെ ശുശ്രൂഷിക്കാന്‍ മുന്നോട്ടുവരികയായിരുന്നുവെന്ന് എയര്‍ലൈന്‍സ് കമ്പനി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.