
തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണത്തില്‍ പ്രതികളെ പിടികൂടാന്‍ മഹിജ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയത് പൊതു പ്രവര്‍ത്തകരല്ല, സര്‍ക്കാരാണെന്ന് എസ്.യു.സി.ഐ നേതാവ് മിനി. സര്‍ക്കാരും പോലീസുമാണ് ഗൂഢാലോചന നടത്തിയതെന്നും ജയില്‍ മോചിതയായ ശേഷം മിനി മാധ്യമങ്ങളോട് പറഞ്ഞു.
നെഹ്റു കോളജ് മേധാവി കൃഷ്ണദാസും കൂട്ടരും ഗൂഢാലോചന നടത്തിയാണ് ജിഷ്ണുവിന്റെ കൊലപ്പെടുത്തിയത്. സ്വാശ്രയ മാനേജ്മെന്റിന്റെ ഗൂഢാലോചന മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ മഹിജയുടെ സമരത്തിനെതിരെ ഗൂഢാലോചന നടത്തി. ഡി.ജി.പിയെ കാണാനെത്തിയ മഹിജ അടക്കമുള്ളവരോട് പോലീസ് മോശമായാണ് പെരുമാറിയത്.
പിടിവലിക്കിടെ നിലത്തുവീണ മഹിജ അടക്കമുള്ളവരുടെ മേലേക്ക് ആളുകളെ തള്ളിയിട്ടത് പോലീസാണ്. നിലത്തുവീണ മഹിജയെ റോഡിലൂടെ വലിച്ചിഴച്ചു. പോലീസ് വാഹനത്തില്‍വച്ച് വളരെ മോശമായാണ് അവരോട് പെരുമാറിയത്. എടീയെന്നും മാറിയിരിക്കെടീ എന്നുമൊക്കെ പോലീസ് വാഹനത്തില്‍വച്ച് അവരോട് ആക്രോശിച്ചു. ആറു മണിക്കൂറാണ് തങ്ങളെ പോലീസ് വാഹനത്തില്‍ നഗരത്തിലൂടെ കറക്കിയത്.
ഒരു പോലീസ് സ്റ്റേഷനിലും കൊണ്ടുപോയില്ല. രാവിലെ 11 മണിക്ക് കസ്റ്റഡിയിലായ തങ്ങള്‍ക്ക് അഞ്ചു മണിക്കു ശേഷമാണ് ഭക്ഷണം പോലും കഴിക്കാന്‍ കഴിഞ്ഞത്. പൊതുപ്രവര്‍ത്തകരുടെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പോരാട്ടവുമായി മുന്നോട്ടുപോകും. സ്വാശ്രയ കോളജുകളില്‍ പഠിക്കുന്ന കുട്ടികള്‍ കൊല്ലപ്പെടുന്ന പ്രവണത ഇല്ലാതാക്കണെമന്നും അവര്‍ പറഞ്ഞു.
അതേസമയം, കേസിന് ഗൂഢാലോചന കുറ്റത്തിന് ബലം പകരാനാണ് തന്നെ അറസ്റ്റു ചെയ്തതെന്നാണ് പോലീസ് പറഞ്ഞതെന്ന് തോക്കു സ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു. കരുത്തു പകരാന്‍ താനെന്താ ശങ്കര്‍ സിമന്റോ ഫെവിക്കോളോ ആണോ? മാധ്യമ സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് തന്നെ കസ്റ്റഡിയില്‍ എടുത്തത്. തനിക്ക് ഡി.ജി.പിയെ കാണാന്‍ അനുമതി ലഭിച്ചിരുന്നുവെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.






