
കൊച്ചി: വഴി തടഞ്ഞ് എന്‍എസ്എസ് കരയോഗം ക്ഷേത്രത്തിന് നിര്‍മ്മിച്ച മതില് ദളിത് സംഘടനകള്‍ പൊളിച്ചു മാറ്റി. പുറമ്പോക്ക് ഭൂമിയില്‍ നിര്‍മ്മിച്ച മതില് ദളിത് ഭൂ അവകാശ സമരമുന്നണി പ്രവര്‍ത്തകരാണ് തകര്‍ത്തത്. ക്ഷേത്രത്തോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയില്‍ മതില് കെട്ടിയത് തങ്ങള്‍ അമ്പലം തീണ്ടാതിരിക്കുന്നതിന് വേണ്ടിയായിരുന്നെന്നാണ് ദളിത് സംഘടനകളുടെ ആരോപണം.
കഴിഞ്ഞ വര്‍ഷം ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന് സമീപത്തെ ദളിതുകളുമായി എന്‍എസ്എസ് കരയോഗം ചില തര്‍ക്കങ്ങള്‍ നില നിന്നിരുന്നു. ക്ഷേത്ത്രിലെ ദേശവിളക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് മതില് നിര്‍മ്മിച്ചതെന്നും ഇതിനായി പുറമ്പോക്ക് ഭൂമി കരയോഗം തട്ടിപ്പ്രേഖയുണ്ടാക്കി കയ്യേറുകയായിരുന്നെന്നുമാണ് ആരോപണം.
ഇത് പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ജാതി മതില് ആയിരുന്നെന്നും ദളിത് സംഘടനകള്‍ പറയുന്നു. ഏതാനും നാളായി മതില് നിര്‍മ്മിച്ചതിനെതിരേ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ഇവിടെ സമരം നടന്നു വരികയായിരുന്നു. അംബേദ്ക്കറിന്റെ ചിത്രമേന്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് പ്രതിഷേധിച്ചത്. മതില് തകര്‍ത്ത സമരമുന്നണിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.






