ഭുവനേശ്വര്‍: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട വിവാദം പ്രതിപക്ഷം ബോധപൂര്‍വം സൃഷ്ടിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് വിവാദം ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ സമയത്ത് പള്ളികള്‍ക്കെതിരായ ആക്രമണമാണ് പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ സമയത്ത് അവാര്‍ഡ് വാപ്പസി വിവാദം ഉയര്‍ത്തി. ഇപ്പോള്‍ അത് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട വിവാദമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭുവനേശ്വറില്‍ നടക്കുന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രതിപക്ഷ പ്രചരണങ്ങളില്‍ പ്രകോപിതരായി വിവാദ പ്രസ്താവനകള്‍ നടത്തരുതെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കി. എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടി നേതാക്കളെ അറിയിക്കുക. അവര്‍ അക്കാര്യം തന്നെ അറിയിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ മതിമറക്കരുതെന്നും പ്രധാനമന്ത്രി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്കി.






