തിരുവനന്തപുരം: മുന്‍ ഡി.ജി.പി. കൂടിയായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പി. കൗണ്‍സിലര്‍ ആര്. ശ്രീലേഖയ്ക്ക് സല്യൂട്ട് വിലക്കി പോലീസ് അസോസിയേഷന്റെ രഹസ്യനിര്‍ദേശം. നെട്ടയം സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. നടത്തിയ പ്രതിഷേധമാര്‍ച്ചിനിടെ പോലീസിനെതിരേ ശ്രീലേഖ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സാഹചര്യത്തിലാണിത്.
വിരമിച്ച മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കു സേനാംഗങ്ങള്‍ നല്കുന്ന ആദരം ഇനി ശ്രീലേഖയ്ക്കു ബാധകമാകില്ലെന്നും അവരെ സാധാരണ കൗണ്‍സിലറായി മാത്രം കാണണമെന്നും അസോസിയേഷന് വ്യക്തമാക്കിയതായി വിവരം. പോലീസ് സേനയിലെ അംഗങ്ങള്‍ ശ്രീലേഖയ്ക്ക് ഔദ്യോഗിക ആദരവോ സല്യൂട്ടോ നല്‍കേണ്ടതില്ലെന്നാണു രഹസ്യ നിര്‍ദേശം.
കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പരിപാടിക്കിടെ ''പോടാ പുല്ലേ പോലീസേ'' എന്നു മുദ്രാവാക്യം വിളിച്ചതാണു മുന്‍ ഡി.ജി.പിക്കെതിരേ കടുത്ത നിലപാടു സ്വീകരിക്കാന്‍ പോലീസ് അസോസിയേഷനെ പ്രേരിപ്പിച്ചത്. നിയമപരമായ മാര്‍ഗങ്ങളില്‍ പ്രതിഷേധിക്കാം. പോലീസ് ഉദ്യോഗസ്ഥരെ അപമാനിക്കുന്ന തരത്തില്‍ അസഭ്യവര്‍ഷവും ഭീഷണികളും അംഗീകരിക്കാനാകില്ല. അതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അസോസിയേഷന് മുന്നറിയിപ്പ് നല്കി.
അതേസമയം, 33 വര്‍ഷത്തിലേറെ പോലീസ് സേനയില്‍ സേവനം അനുഷ്ഠിച്ച വ്യക്തിയാണെന്നും പ്രതികരണത്തിനു തക്ക കാരണങ്ങളുണ്ടെന്നും ശ്രീലേഖ വിശദീകരിച്ചു. ചില പോലീസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സ്വാധീനത്തില്‍ പ്രവര്‍ത്തിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.






