
ന്യൂയോർക്ക്: ‘ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്റെ സത്തയോട് നീതി പുലർത്തുന്നില്ല’എന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദു മാർഗം പിന്തുടരാൻ നിരവധി വഴികളുണ്ടെങ്കിലും അവയെല്ലാം ഒരേ ആത്യന്തിക സത്യത്തിലേക്കാണ് നയിക്കുന്നതെന്ന് മനസ്സിലാക്കണം. മനുഷ്യർ തമ്മിൽ അടിസ്ഥാനപരമായി വ്യത്യാസങ്ങളില്ലെന്നും ഓരോ വ്യക്തിക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ജനങ്ങളുടെ ഡിഎൻഎയിൽ തന്നെ നാനാത്വത്തിലെ ഏകത്വം ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്ന് ആർഎസ്എസ് മേധാവി പറഞ്ഞു. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ മതങ്ങളിൽ വലിയൊരു ഭാഗവും ആചാരങ്ങളിലൂടെയാണ് നിർവചിക്കപ്പെടുന്നതെന്നും മതപരമായ അച്ചടക്കം പാലിക്കാൻ ആചാരങ്ങളുടെ അച്ചടക്കം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ സത്യത്തിലേക്ക് നയിക്കുകയാണ് മതത്തിന്റെ ലക്ഷ്യമെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.
മതങ്ങൾ വ്യത്യസ്തമായിരിക്കാം, എന്നാൽ മനുഷ്യത്വം ഒന്നാണെന്ന സന്ദേശവും അദ്ദേഹം പങ്കുവച്ചു. സത്യം ഒന്നാണെന്നും മനുഷ്യത്വം ആ സത്യത്തിന്റെ ഉൽപ്പന്നമാണെന്നും അദ്ദേഹം പറഞ്ഞു. പുരാതന ഇന്ത്യൻ പാരമ്പര്യങ്ങളെക്കുറിച്ച് സമൂഹത്തെ കൂടുതൽ ബോധവൽക്കരിക്കേണ്ടതിന്റെ പ്രാധാന്യവും മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി. ‘ഒരു ലോകം, ഒരു മനുഷ്യത്വം’ എന്ന ആശയം മുന്നോട്ടുവച്ച ഇന്ത്യൻ പാരമ്പര്യങ്ങൾ വിദേശ ആക്രമണങ്ങളെ അതിജീവിച്ച ചരിത്രവും അദ്ദേഹം ഓർമ്മിപ്പിച്ചു.






