
മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് വന്‍ ഭൂരിപക്ഷം നല്കി ഡല്‍ഹിക്ക് വിടുന്ന മലപ്പുറംകാര് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മഷി മായും മുമ്പ് അടുത്ത തെരഞ്ഞെടുപ്പിനും ഒരുങ്ങുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഒഴിവില്‍ വരുന്ന വേങ്ങര മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനാണ് മലപ്പുറത്തുകാരില്‍ ഒരു വിഭാഗം വീണ്ടും ബൂത്തില്‍ എത്തുന്നത്. കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ അതേ സ്വീകരണം നിയമസഭാ തെരഞ്ഞെടുപ്പിലും കിട്ടുമെന്ന് ലീഗ് പ്രതീക്ഷിക്കുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടിംഗ് ശതമാനം കൂട്ടാനായതാണ് ഒരു കൈ നോക്കാന്‍ എല്‍ഡിഎഫിന് പ്രതീക്ഷ.
വേങ്ങരയില്‍ ആര് മത്സരിക്കുമെന്ന ചോദ്യം ഇപ്പോഴേ ലീഗില്‍ ഉയര്‍ന്നു കഴിഞ്ഞു. മുസ്ളീംലീഗിന് വ്യക്തമായ മേല്‍ക്കോയ്മ ഉള്ളിടത്ത് കുഞ്ഞാലിക്കുട്ടിയുടെ പ്രിയങ്കരന്‍ അബ്ദുറഹിമാന് രണ്ടത്താണി വരുമോ അതോ ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദോ മത്സരിച്ചേക്കുമെന്നാണ് സാധ്യത കല്‍പ്പിക്കുന്നത്. സിറ്റിംഗ് എംഎല്‍എ ആയിരിക്കെ തന്നെ മത്സരരംഗത്ത് നിന്നും മാറേണ്ടി വരികയും ലീഗ് നേതൃത്വവുമായി ഇടയുകയും ചെയ്ത കെഎന്‍എ ഖാദിറിന്റെ പേരും അണിയറയില്‍ കേള്‍ക്കുന്നുണ്ട്. അതേസമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മിക്കവാറും കുഞ്ഞാലിക്കുട്ടിയുടേത് തന്നെയായിരിക്കുമെന്നാണ് കേള്‍ക്കുന്നത്.
ലീഗിന് വന്‍ സ്വാധീനമുണ്ടായിട്ടും ലോക്സഭാ തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് തുടര്‍ച്ചയായി രണ്ടാം തെരഞ്ഞെടുപ്പില്‍ ലീഗിനെ നേരിടാന്‍ പോകുന്ന എല്‍ഡിഎഫിന് ആത്മവിശ്വാസമാകുന്നത്. മിക്കവാറും യുവ പ്രവര്‍ത്തകരില്‍ ആരെയെങ്കിലും ആകും എല്‍ഡിഎഫ് ഇവിടെയും ഇറക്കുക. 1.01323 വോട്ടുകളാണ് എല്‍ഡിഎഫിന് ഇവിടെ കൂടിയത്. എന്നാല്‍ യുഡിഎഫിന് കഴിഞ്ഞ തവണത്തേതിലിനുമൊപ്പം 7,607 വോട്ടുകള്‍ നേടാനായി. കഴിഞ്ഞ തവണത്തേതിനേക്കാള്‍ യുഡിഎഫിന് നാലു ശതമാനം മാത്രമാണ് വോട്ടുകള്‍ കൂടിയത്. എല്‍ഡിഎഫിനാകട്ടെ അത് എട്ടു ശതമാനമായി വര്‍ദ്ധിക്കുകയും ചെയ്തു. ഇ അഹമ്മദ് 1,94739 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചിടത്ത് കുഞ്ഞാലിക്കുട്ടിക്ക് നേടാനായത്1,71,023 വോട്ടുകളുടെ ഭൂരിപക്ഷമാണ് കിട്ടിയത്. 23,716 വോട്ട് കുറവ്.
എന്നിരുന്നാലും ഇത്തവണ മലപ്പുറത്തെ ഏഴ് മണ്ഡലങ്ങളിലും ശക്തമായ മേല്‍ക്കൈ നേടിയാണ് കുഞ്ഞാലിക്കുട്ടി ജയിച്ചു കയറിയത്. വേങ്ങരയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം കിട്ടുകയും ചെയ്തു. പക്ഷേ ബിജെപിയ്ക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. പ്രതീക്ഷിച്ചതിനേക്കാള്‍ കുറച്ചാണ് വോട്ടുകള്‍ കിട്ടിയത്. 0.05 ശതമാനം വോട്ടു കുറഞ്ഞു.






