
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ് വാര്‍ത്തയാകുന്നത് ഇതാദ്യമല്ല. നേരത്തേ രാജസ്ഥാനൊപ്പം മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സഞ്ജു ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ രണ്ടാം മത്സരത്തില്‍ കിടിലന്‍ സെഞ്ച്വറി നേടിയപ്പോള്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ രണ്ടാം സെഞ്ച്വറി കൂടിയായി. ബാറ്റിംഗിലും കീപ്പിംഗിലും ഇതിനകം തന്നെ മികവ് കാട്ടിയിട്ടുള്ള സഞ്ജു മികച്ച ഫീല്‍ഡിംഗിലൂടെയും ഐപിഎല്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേയുള്ള മത്സരത്തില്‍ സഞ്ജുവിന്റെ ഒരു കിടിലന്‍ ചാട്ടവും സിക്സറാകുമായിരുന്ന പന്തില്‍ നാലു റണ്‍സ് രക്ഷിച്ച ഫീല്‍ഡിംഗും ആണ് ഇപ്പോള്‍ ചര്‍ച്ച. മത്സരത്തില്‍ ഡല്‍ഹി നാലു വിക്കറ്റിന് തോറ്റെങ്കിലൂം സഞ്ജുവിന്റെ ഫീല്‍ഡിംഗ് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സേവുകളില്‍ ഒന്നായി രേഖപ്പെടുത്തപ്പെട്ടു.
മത്സരത്തില്‍ അവസാന രണ്ട് ഓവറുകളില്‍ നൈറ്റ് റൈഡേഴ്സിന് വേണ്ടിയിരുന്നത് 15 റണ്‍സ്. മൂന്ന് വിക്കറ്റ് കയ്യിലുമുണ്ട്. 56 റണ്‍സടിച്ച മനീഷ് പാണ്ഡേയാണ് ക്രീസില്‍. ക്രിസ്മോറീസിന്റെ ഓവറില്‍ ലോംഗ് ഓണിന് മുകളിലൂടെ പാണ്ഡേയുടെ തകര്‍പ്പന്‍ ഷോട്ട്. പന്ത് എല്ലാവരും സിക്സര്‍ എന്ന് കരുതിയിടത്ത് സഞ്ജു അതിര്‍ത്തി വരയിലെ കയറിന് മുകളിലേക്ക് ഡൈവ് ചെയ്ത് പന്തു പിടിച്ചു. ക്യാച്ചിന് പകരം ദേഹം കയറിന് അപ്പുറത്തേക്ക് വീഴുമെന്ന് ഉറപ്പായപ്പോള്‍ പന്ത് ലൈന്‍ അകത്തേക്ക് ഇട്ടു. സിക്സറാകുമായിരുന്ന പന്തില്‍ രണ്ടു റണ്‍സാണ് കെകെആറിന് കിട്ടിയത്.
സഞ്ജുവിന്റെ ഫീല്‍ഡിംഗില്‍ നൈറ്റ് റൈഡേഴ്സ് ഒന്നു പതറിയെങ്കിലും വിജയം അവര്‍ പിടിച്ചെടുക്കുക തന്നെ ചെയ്തു. സഞ്ജു രക്ഷപ്പെടുത്തിയ പന്തില്‍ അവസാന ഓവറില്‍ പിന്നീട് കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത് ഒമ്പതു റണ്‍സായിരുന്നു. അമിത് മിശ്രയ്ക്ക് നായകന് സഹീര്ഖാന് പന്തു കൈമാറി. ക്രിസ് വോക്സിനെ മിശ്ര പറഞ്ഞു വിട്ടതിന് പിന്നാലെ സുനില്‍ നരേന് ഒരു റണ്‍സെടുത്ത് പാണ്ഡേയ്ക്ക് സ്ട്രൈക്ക് കൈമാറി. ആദ്യ പന്തില്‍ ഫോറടിച്ച പാണ്ഡേ രണ്ടാം പന്തില്‍ സിക്സും പറത്തി ടീമിനെ വിജയത്തിലേക്ക് നയിച്ചു.





