
യൂജിന്‍ (യു.എസ്.എ.): ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം ആശിഷ് യാദവിന് വെള്ളി മെഡല്‍. 74.09 മീറ്ററിന്റെ മികച്ച ദൂരവുമായാണു 19 വയസുകാരനായ ആശിഷ് വെള്ളി നേടിയത്.
യാന്‍ ഹെന്‍ഡ്രിക് ഹെയ്‌മാന്‍ 80.50 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. 73.89 മീറ്റര്‍ എറിഞ്ഞ ഡൊമിനികയുടെ അഡിസണ്‍ ജെയിംസിനാണു വെങ്കലം. ഒളിമ്പ്യന്‍ നീരജ് ചോപ്ര 2016 ല്‍ സ്വര്‍ണം നേടിയ ശേഷം ആദ്യമായാണ് അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മെഡല്‍ നേടുന്നത്. യാദവിന്റെ ആദ്യ അവസരം 69.96 മീറ്ററിലെത്തി. രണ്ടാമത്തെ അവസരം ഫൗളായി. സമ്മര്‍ദത്തിലായെങ്കിലും മൂന്നാമത്തെ അവസരത്തില്‍ 74.09 മീറ്റര്‍ എറിഞ്ഞു.
തുടര്‍ന്ന് 72.31, 70.62, 67.98 മീറ്റര്‍ എന്നിങ്ങനെ എറിഞ്ഞ് അവസാനിപ്പിച്ചു. 2016 ല്‍ 86.48 മീറ്റര്‍ എറിഞ്ഞു ലോക റെക്കോഡോടെയാണു നീരജ് ചോപ്ര സ്വര്‍ണം നേടിയത്‌്. ചോപ്രയുടെ റെക്കോഡ് 10 വര്‍ഷം കഴിഞ്ഞിട്ടും തകര്‍ക്കാനായില്ല. ആശിഷ് യാദവിന്റെ പ്രകടനം വ്യക്‌തിഗത മികവിന് അടുത്തായില്ല. 74.49 മീറ്ററാണു താരത്തിന്റെ മികച്ച പ്രകടനം. ആശിഷിനൊപ്പം മത്സരിച്ച ടി. ധരണീധരന്‍ 72.35 മീറ്റര്‍ വരെയെറിഞ്ഞ് ആറാമനായി.
400 മീറ്റര്‍ ഓട്ടം ഫൈനലില്‍ മലയാളി താരം മുഹമ്മദ് അഷ്‌ഫാഖ് എട്ടാം സ്‌ഥാനത്തായി. 45.81 സെക്കന്‍ഡിലാണ് അഷ്‌ഫാഖ് ഫിനിഷ് ചെയ്‌തത്. യു.എസിന്റെ ജായ്‌ഡന്‍ ഡെലന്‍ 44.47 സെക്കന്‍ഡില്‍ സ്വര്‍ണവും ക്വിന്‍സി വില്‍സണ്‍ 44.62 സെക്കന്‍ഡില്‍ വെള്ളിയും നേടി. ദക്ഷിണാഫ്രിക്കയുടെ ലെന്‍ഡട്ട് കോകേമര്‍ 44.96 സെക്കന്‍ഡില്‍ വെങ്കലം നേടി.
ഹീറ്റ്‌സില്‍ 45.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത അഷ്‌ഫാഖ് തന്റെ തന്നെ ദേശീയ റെക്കോഡ് തിരുത്തിയിരുന്നു. 46.05 സെക്കന്‍ഡിന്റെ റെക്കോഡാണ് 19 വയസുകാരന്‍ മറികടന്നത്. 46 സെക്കന്‍ഡില്‍ താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ ജൂനിയര്‍ താരമെന്ന റെക്കോഡും കുറിച്ചു. സെമി ഫൈനല്‍ 46.00 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി ഫൈനലിലേക്കും യോഗ്യത നേടി. തുംകൂറില്‍ ഏപ്രിലില്‍ നടന്ന ജൂനിയര്‍ ഫെഡറേഷന്‍ കപ്പില്‍ 46.05 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയിരുന്നു.
വനിതകളുടെ ഹൈജമ്പില്‍ പൂജാ സിങ് ഫൈനലില്‍ കടന്നു. 1.79 മീറ്റര്‍ ചാടിയാണു താരം ഫൈനല്‍ ഉറപ്പാക്കിയത്. 1.93 മീറ്ററിന്റെ ദേശീയ റെക്കോഡ് പൂജയുടെ പേരിലാണ്. പുരുഷ വിഭാഗം ലോങ് ജമ്പില്‍ ഷാനവാസ് ഖാനും ജിതിന്‍ അര്‍ജുനും ഫൈനലില്‍ കടന്നു. യോഗ്യതാ റൗണ്ട് എ ഗ്രൂപ്പില്‍ 7.73 മീറ്റര്‍ ചാടിയാണ് ഷാനവാസിന്റെ മുന്നേറ്റം. 7.57 മീറ്റര്‍ വരെ ചാടിയ ജിതിന്‍ ഓവറോളില്‍ 12-മനായാണു മുന്നേറിയത്. വനിതകളുടെ ജാവലിന്‍ ത്രോയില്‍ മത്സരിച്ച പൂനത്തിന് ഫൈനലില്‍ കടക്കാനായില്ല. 48.81 മീറ്റര്‍ വരെയാണു പൂനം എറിഞ്ഞത്. ഫൈനല്‍ മത്സരങ്ങള്‍ ഇന്നു രാവിലെ നടക്കും.






Comments