
തിരുവനന്തപുരം :കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണില്‍ കിരീടം ലക്ഷ്യമാക്കിയുള്ള തയാറെടുപ്പുകളിലാണ് ആലപ്പി റിപ്പിള്‍സ്.
സച്ചിന്‍ ബേബിയും മുഹമ്മദ് അസ്‌ഹറുദ്ദീനും ജലജ് സക്‌സേനയും അടങ്ങുന്ന പരിചയസമ്പന്നര്‍ക്കൊപ്പം യുവപ്രതിഭകളും ഉള്‍പ്പെടുന്ന ടീമിനെയാണ് റിപ്പിള്‍സ് ഇത്തവണ സജ്‌ജമാക്കിയത്. മുന്‍ കേരള താരം നിഖിലേഷ് സുരേന്ദ്രന്റെ കോച്ചിങില്‍ ഇറങ്ങുന്ന ആലപ്പി എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളിയാണ്. കൊല്ലം സെയിലേഴ്‌സിനെ രണ്ട് തവണ ഫൈനലിലെത്തിക്കുകയും ഒരു തവണ ചാമ്പ്യന്മാരാക്കുകയും ചെയ്‌ത പരിചയസമ്പന്നനായ സച്ചിന്‍ ബേബിയാണ് ഇക്കുറി ആലപ്പിയുടെ നായകന്‍.
തകര്‍പ്പന്‍ ബാറ്റിങ് നിരയാണ് ഇത്തവണ റിപ്പിള്‍സിന്റേത്. ആദ്യ സീസണില്‍ രണ്ട് സെഞ്ചുറികളോടെ ടോപ് സ്‌കോററായ സച്ചിന്‍ ബേബി രണ്ടാം സീസണിലും ആദ്യ പത്ത് സ്‌ഥാനങ്ങളില്‍ ഇടംപിടിച്ചു. സച്ചിനൊപ്പം കൂറ്റനടികള്‍ക്ക് പേരു കേട്ട മുഹമ്മദ് അസ്‌ഹറുദ്ദീനും പരിചയസമ്പന്നനായ ജലജ് സക്‌സേനയും ചേരുമ്പോള്‍ ബാറ്റിങ് നിരയുടെ കരുത്ത് ഇരട്ടിയായി. സിബിന്‍ ഗിരീഷിനും അഭിജിത് പ്രവീണിനുമൊപ്പം അക്ഷയ് ടി കെ, അമല്‍രാജ്, ആഷിഖ് അലി, വിനില്‍ ടി എസ്, ശ്രീരൂപ് എം പി തുടങ്ങി ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുന്ന നീണ്ടൊരു നിര തന്നെ ടീമിലുണ്ട്. 11.80 ലക്ഷം രൂപയെന്ന റെക്കോഡ് തുകയ്‌ക്കാണ് സിബിന്‍ ഗിരീഷിനെ റിപ്പിള്‍സ് ടീമിലെത്തിച്ചത്. എന്‍.എസ്.കെ. ട്രോഫിയിലടക്കം സമീപകാലത്ത് മികച്ച ഫോമിലാണ് താരം കളിച്ചത്. കഴിഞ്ഞ ആഭ്യന്തര സീസണിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അഭിജിതിന്റെ സാന്നിധ്യം ടീമിന്റെ മധ്യനിരയ്‌ക്കും ബൗളിങ്ങിനും കൂടുതല്‍ സ്‌ഥിരത നല്‍കും. ആഷിഖ് അലിയാണ് ഏവരും ഉറ്റുനോക്കുന്ന മറ്റൊരു താരം. കഴിഞ്ഞ സീസണില്‍ 12 വിക്കറ്റുകള്‍ വീഴ്‌ത്തിയ ജലജ് സക്‌സേനയുടെ പരിചയസമ്പത്ത് ടീമിന് തുണയാകും. അജയ ഘോഷാണ് പേസ് നിരയിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം. കഴിഞ്ഞ സീസണില്‍ 13 വിക്കറ്റുകളാണ് താരം കൊയ്‌തത്.
നിഖിലേഷ് സുരേന്ദ്രനൊപ്പം മുന്‍ താരം കെ. എസ് മോനിഷ്, ഫര്‍സീന്‍ അഹമ്മദ് എന്നിവര്‍ സഹപരിശീലകരായുണ്ട്. ശ്രീവത്സന്‍ പി.ബി (പെര്‍ഫോമന്‍സ് അനലിസ്‌റ്റ്), ഗബ്രിയേല്‍ ബെന്‍ കുര്യന്‍ (ഫീല്‍ഡിങ് കോച്ച്), കെ. വിനീത് കുമാര്‍ (സ്‌ട്രെങ്‌ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച്), അസ്‌കര്‍ പി.വി. (ടീം ഫിസിയോ), സന്തോഷ് പി. ചാക്കോ (മസിയര്‍), നന്ദകുമാര്‍ കെ.എ. (ത്രോബോള്‍ സ്‌പെഷ്യലിസ്‌റ്റ്), അഭിറാം ഹൃത്വിക് (ടീം മാനേജര്‍) എന്നിവരാണ് സപ്പോര്‍ട്ടീവ് സ്‌റ്റാഫ്. ടി.എസ്. കലാധരന്‍, ദേവിക കലാധരന്‍, കൃഷ്‌ണ കലാധരന്‍, റാഫേല്‍ തോമസ് എന്നിവരാണ് ടീം ഉടമകള്‍.
ടീം: സച്ചിന്‍ ബേബി (നായകന്‍), മുഹമ്മദ് അസ്‌ഹറുദ്ദീന്‍, ജലജ് സക്‌സേന, സിബിന്‍ ഗിരീഷ്, അഭിജിത് പ്രവീണ്‍, അക്ഷയ് ടി.കെ, വിനില്‍ ടി.എസ്, ആകാശ് പിള്ള, ശ്രീരൂപ് എം.പി, അരുണ്‍ കെ.എ, അഖില്‍ദേവ്, അജ്‌നാസ് കെ., ആഷിഖ് അലി, അമല്‍രാജ് ആര്‍, അജയഘോഷ് എന്‍.എസ.്, അജിത് രാജ്.






Comments