
പാലക്കാട് : വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 17 വയസ്സുകാരനായ അയല്‍വാസിയാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ രണ്ടു പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്തിരുന്നതായി പോലീസ് പറയുന്നു. കേസിലെ അഞ്ചാമതത്തെ അറസ്റ്റാണിത്.
ജനുവരി 12 നാണ് വാളയാര്‍ അട്ടപ്പള്ളത്ത് ശെല്വപുര, ഷാജിയുടെ മൂത്തമകള്‍ തൃപ്തിക (11) യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെ 52 ദിവസങ്ങള്‍ക്ക് ശേഷം ഒന്‍പതുകാരിയായ സഹോദരി ശരണ്യയേയും ഇതേസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
തൃപ്തികയുടെ മരണം ആത്മഹത്യയാണെന്ന നിലയില്‍ മുന്നോട്ടു പോകവേയാണ് ദിവസങ്ങള്‍ക്കിപ്പുറം ഇളയകുട്ടിയേയും ഇതേസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്‍പതു വയസ്സു മാത്രം പ്രായമുള്ള ശരണ്യ തനിക്ക് എത്താത്ത ഉയരത്തില്‍ തൂങ്ങി മരിച്ചത് എങ്ങനെയെന്ന ചോദ്യം ഉയര്‍ന്നതോടെയാണ് മൂത്തകുട്ടിയുടെ മരണത്തിലും ദുരൂഹത സംശയിച്ചു തുടങ്ങിയത്.
തൃപ്തികയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം വീട്ടില്‍ നിന്നും ഒരാള്‍ ഇറങ്ങിപ്പോകുന്നതായി കണ്ടുവെന്ന് ശരണ്യ പോലീസിന് മൊഴി നല്‍കിയിരുന്നു.






