
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ അധ്യായം കുറിച്ച് എടപ്പടി പളനിസ്വാമി, ഒ.പനീര്‍ശെല്‍വം പക്ഷങ്ങള്‍ ഇനി ഒരുമിച്ച് നീങ്ങും. ഇതുസംബന്ധിച്ച് ഇരുവരൂം നടത്തിയ ചര്‍ച്ചയില്‍ ധാരണമായി. പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും. പനീര്‍ശെല്‍വത്തെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയാക്കും. പനീര്‍ശെല്‍വം പക്ഷത്തെ പ്രമുഖരെ മന്ത്രിസഭയില്‍ നിര്‍ണായക വകുപ്പുകളില്‍ പ്രതിഷ്ഠിക്കും. ുടര് ചര്‍ച്ചകള്‍ക്കായി ഏഴംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പനീര്‍ശെല്‍വം മുന്നോട്ടുവച്ച മറ്റ് രണ്ട് ആവശ്യങ്ങളും പളനിസ്വാമി അംഗീകരിച്ചു. മുൃന് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം നടത്തുക, വി.കെ ശശികലയേയും അവരുടെ കുടുംബാംഗങ്ങളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക എന്ന ആവശ്യങ്ങളാണ് ഒപിഎസ് പക്ഷം മുന്നോട്ടുവച്ചത്. പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നളള ശശികലയുടേയും ടിടിവി ദിനകരന്റേയും രാജി എഴുതിവാങ്ങും. ഇരുവരേയും നേരത്തെ പുറത്താക്കിയിരുന്നതാണെങ്കിലും ഇപ്പോഴും പാര്‍ട്ടി നേതൃത്വത്തില്‍ തുടരുകയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്ത ദിനകരന് തള്ളുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാജി എഴുതിവാങ്ങാന്‍ തീരുമാനിച്ചത്.
അതിനിടെ, പാര്‍ട്ടി ചിഹ്നം സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇരുപക്ഷത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന് ജൂണ്‍ 16വരെ സമയം നല്കി.






