
ന്യൂഡല്‍ഹി: തങ്ങളുടെ വരള്‍ച്ചാ പ്രശ്നത്തോട് മുഖം തിരിച്ചു നില്ക്കുന്ന പ്രധാനമന്ത്രിയുടെ ശ്രദ്ധയെ ക്ഷണിക്കാന്‍ ഡല്‍ഹിയില്‍ സമരം നടത്തുന്ന തമിഴ് കര്‍ഷകര്‍ സ്വന്തം മൂത്രം കുടിച്ചു പ്രതിഷേധിക്കാനൊരുങ്ങുന്നു. വായ്പകള്‍ എഴുതിത്തള്ളണമെന്നും വരള്‍ച്ചാ ദുരിതാശ്വാസം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ജന്ദര്‍മന്ദറിലെ സമരമാണ് കടുത്തതും വിചിത്രവുമായ സമരായുധം സ്വീകരിക്കുന്നത്.
നേരത്തേ ഇവര്‍ സമരത്തിന്റെ ഭാഗമായി നഗ്നമായി പ്രതിഷേധിച്ചിരുന്നു. അതിന് പിന്നാലെയാണ് വിസര്‍ജ്ജം കുടിച്ചു സമരം നടത്താന്‍ നീങ്ങുന്നത്. തമിഴ്നാട്ടില്‍ മതിയായ കുടിവെള്ളം പോലും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് പ്രതിഷേധം.
തമിഴ്നാട്ടില്‍ കുടിക്കാന്‍ വെള്ളം പോലും കിട്ടാനില്ലെന്നും പ്രധാനമന്ത്രി തങ്ങളുടെ ദാഹത്തെ അവഗണിക്കുന്നതിനാല്‍ സ്വന്തം മൂത്രം കുടിച്ച് ദാഹമകറ്റേണ്ട ഗതികേടിലാണെന്നും പ്രതിഷേധക്കാരുടെ നേതാവ് അയ്യാകണ്ണു പറയുന്നു.
വരള്‍ച്ചാ പ്രതിസന്ധി നേരിടുന്ന കര്‍ഷകരുടെ പ്രശ്നം ഉയര്‍ത്തി മാര്‍ച്ച് 14 മുതല്‍ തമിഴ് കര്‍ഷകര്‍ ജന്ദര്‍മന്ദറില്‍ പ്രതിഷേധത്തിലാണ്. കര്‍ഷകരുടെ വായ്പകള്‍ പരിഹരിക്കാന്‍ 40,000 കോടി ദുരിതാശ്വാസം അനുവദിക്കണമെന്നും കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നുമാണ് ആവശ്യം. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എല്ലുകളും തലയോട്ടികളും മാലയായി കഴുത്തിലണിഞ്ഞും വസ്ത്രം ഉപേക്ഷിച്ചുമാണ് സമരം നടത്തുന്നത്.






