
മുംബൈ : ഗുരുതര രോഗങ്ങളെയും വാഹനാപകടങ്ങളെയും തുടര്‍ന്ന് രക്തത്തിനായി നിരവധി ആളുകള്‍ നെട്ടോട്ടമോടുന്ന സമയത്ത് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് രാജ്യത്തെ രക്ത ബാങ്കുകള്‍ പാഴാക്കി കളഞ്ഞത് 28 ലക്ഷം യൂണിറ്റ് രക്തം. 2016-17 വര്‍ഷത്തില്‍ മാത്രം 6.57 ലക്ഷം യൂണിറ്റ് രക്തമാണ് രാജ്യത്ത് പാഴാക്കി കളഞ്ഞത്. ഒരു വര്‍ഷത്തോളം ഉപയോഗിക്കാവുന്ന രക്തത്തിലെ പ്ലാസ്മയാണ് പാഴാക്കിക്കളഞ്ഞതില്‍ 50 ശതമാനവും. വിവരാവകാശ നിയമ പ്രകാരം ദേശീയ എയിഡ്സ് കണ്ട്രോള് ഓര്ഗനൈസേഷന് നല്‍കിയതാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍.
ആശുപത്രികളും രക്തബാങ്കുകളും തമ്മില്‍ കൃത്യമായ ക്രമീകരണ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ഇത്രയേറെ യൂണിറ്റ് രക്തം പാഴായി പോകാന്‍ കാരണമായത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ രക്തം പാഴാക്കുന്നത്.
ഇന്ത്യയില്‍ വര്‍ഷം ശരാശരി മൂന്ന് മില്ല്യണ്‍ രക്തത്തിന്റെ കുറവ് അനുഭവപ്പെടാറുണ്ട്. പ്രസവശേഷം രക്തം നഷ്ടപ്പെട്ട് ഉണ്ടാകുന്ന അപകട മരണവും വാഹനാപകടങ്ങളില്‍ പെട്ട് രക്തം വാര്‍ന്നുപോയി ഉണ്ടാകുന്ന ഗുരുതരാവസ്ഥയും അനുദിനം വര്‍ധിക്കുക കൂടി ചെയ്യവേയാണ് രാജ്യത്ത് ഇത്തരത്തില്‍ രക്തം നഷ്ടമാകുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.






