തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്റെ നിലപാട് തള്ളി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. കയ്യേറ്റത്തിന് കുരിശ് മറയാക്കുന്നത് ശരിയല്ലെന്ന് ഹസന് പറഞ്ഞു. മുന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന് പുര്‍ണ്ണ പിന്തുണയുണ്ട്. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി യോഗത്തില്‍ എടുത്ത തീരുമാനമാണ് ഇതെന്നും ഹസന് മാധ്യമങ്ങളോട് പറഞ്ഞു.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ യു.ഡി.എഫ് നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് നിലപാട് മാറ്റിയതെന്നാണ് സൂചന. വി.ഡി സതീശന്, പി.സി വിഷ്ണുനാഥ്, എം. ലിജു തുടങ്ങിയവരാണ് വിമര്‍ശനം ഉന്നയിച്ചത്. കയ്യേറ്റത്തിനായി ഉയര്‍ത്തിയ കുരിശിനെ അംഗീകരിക്കേണ്ട കാര്യമില്ലെന്ന് മൂവരും നിലപാടെടുത്തു.
കുരിശ് പൊളിച്ചതിനെതിരെയായിരുന്നു യു.ഡി.എഫിന്റെ ആദ്യ നിലപാട്. കുരിശ് പൊളിച്ചത് അധാര്‍മികമാണെന്നും വിശ്വാസികളുടെ മനസില്‍ വേദനയുണ്ടാക്കിയെന്നും യു.ഡി.എഫ് യോഗത്തിന് ശേഷം പി.പി തങ്കച്ചന് പ്രതികരിച്ചിരുന്നു.






