
ന്യൂഡല്‍ഹി: ഗോ സംരക്ഷണം മറ്റെന്തിനേക്കാളും വന്‍ പ്രാധാന്യത്തോടെ എടുത്തിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പശുക്കള്‍ക്കായി പദ്ധതിയിട്ടിരിക്കുന്ന ആധാര്‍ നടപ്പാക്കാന്‍ വേണ്ടി വരുന്നത് 148 കോടിരൂപ. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ പൗരന്മാര്ക്ക് എല്ലാ വിവരങ്ങളും ഒരു നമ്പറുമായി ബന്ധപ്പെടുത്തുന്നതിന് സമാനമായി പശുക്കള്‍ക്കും ഒരേ പോലെ വരുന്ന പൊതു നമ്പര്‍ കൊണ്ടുവരാനാണ് നീക്കം.
പശുക്കളുമായി ബന്ധപ്പെട്ട് പ്രായം, ഇനം, ലിംഗാവസ്ഥ, പാലിന്റെ അളവ്, ഉയരം, ശരീരം, നിറം, കൊമ്പ്, വാല്, തിരിച്ചറിയാനുള്ള അടയാളങ്ങള്‍, ഉടമയുടെ വിവരങ്ങള്‍, സ്ഥലം, വാക്സിനേഷന് വിവരം എന്നിവ ഇതിലുണ്ടാകും. ഗോ സംരക്ഷണം പ്രത്യേക അജണ്ഡയാക്കി മാറ്റിയിരിക്കുന്ന സംഘപരിവാര്‍ ബിജെപി അധികാരത്തില്‍ എത്തിയതോടെ രാജ്യം മുഴുവന്‍ നടപ്പാക്കാനുള്ള നീക്കത്തിലാണ്. ബിജെപി അധികാരത്തില്‍ ഇരിക്കുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഗോ സംരക്ഷണവും മുഖ്യ കാര്യമായി പരിപാലിക്കുന്നുണ്ട്. എന്നിരുന്നാലും ആധാര്‍ പോലെയൊരു നീക്കം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഗോ സംരക്ഷണത്തിന്റെ പുതിയ ലെവലായി മാറിയിരിക്കുകയാണ്.
ഭൂമിയില്‍ ഒരു മൃഗത്തിന് സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന ആധാര്‍ കാര്‍ഡ് പോലെയുള്ള കാര്യം വരുന്ന ഏകരാജ്യവും ഇന്ത്യയായിരിക്കും. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ഈ നമ്പര്‍ വരുന്ന മഞ്ഞ നിറത്തിലുള്ള ടാഗ് ചെവിയില്‍ ഘടിപ്പിക്കാനാണ് ഉദ്ദേശം. പശുക്കളെ ഗോമാതാവായി പരിഗണിക്കുന്ന ഇന്ത്യയില്‍ ഗുജറാത്ത് പോലെയുള്ള ചില സംസ്ഥാനങ്ങളില്‍ പശുക്കളെ കശാപ്പ് ചെയ്യുന്നവര്‍ക്ക് ജയില്‍ ശിക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത്.
അതേസമയം ദാരിദ്രരേഖയ്ക്ക് കീഴില്‍ കഴിയുന്ന ജനസംഖ്യയുടെ മൂന്നിലൊന്നിനും ഇപ്പോഴും ആധാര്‍ കാര്‍ഡ് പോലും കിട്ടിയിട്ടില്ല എന്നതാണ് വസ്തുത. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും വീടുപോലുമില്ലാത്തവരുടെ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ലോകബാങ്കിന്റെ 2016 ഒക്ടോബര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര ദാരിദ്ര്യരേഖയ്ക്ക് കീഴില്‍ ഏറ്റവും കൂടുതല്‍ ആള്ക്കാര് കഴിയുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്ന് 2013 ല്‍ പറഞ്ഞിരുന്നു. ജനസംഖ്യയൂടെ 30 ശതമാനം ദിവസം 1.90 ഡോളര്‍ നേടുന്നില്ലെന്നും ഇന്ത്യയിലെ ജനസംഖ്യയിലെ മൂന്നില്‍ ഒരാള്‍ വീതം ദാരിദ്ര്യരേഖയ്ക്ക് കീഴിലാണെന്നും പറയുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ 80 ദശലക്ഷം വരുന്ന നൈജീരിയയെയും പിന്നിലാക്കുന്നുണ്ടത്രേ.






