
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം സീസണിലേക്ക് പ്രവേശിക്കുമ്പോള്‍ ഏറ്റവും വലിയ നിരാശകളില്‍ ഒന്നായി മാറിയിരുന്ന ഓള്‍റൗണ്ടര്‍ ഇര്ഫാന് പത്താനും ഒടുവില്‍ ഗ്രൗണ്ടിലേക്ക്. പുതിയ സീസണില്‍ ആരും വിലയ്ക്കെടുക്കാതിരുന്ന താരം ഡ്വെയ്ന്‍ ബ്രാവോയുടെ പകരക്കാരനായി സുരേഷ് റെയ്നയുടെ ഗുജറാത്ത് ലയണ്സിലാണ് കളിക്കാന്‍ ഒരുങ്ങുന്നത്. വിവരം ട്വിറ്ററിലൂടെ താരം തന്നെയാണ് പുറത്തുവിട്ടത്.
ബ്രാവോയ്ക്ക് പരിക്കുമൂലം ഈ സീസണ് തന്നെ നഷ്ടമാകും. ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെ നിന്നും രണ്ടാമതുള്ള ഗുജറാത്ത് ലയണ്‍സിന് പത്താന്റെ വരവ് ഗുണം ചെയ്യുമോ എന്നാണ് ഇനിയറിയേണ്ടത്. പത്താനെ ഉള്‍പ്പെടുത്തുന്നതിലൂടെ ടീമിന്റെ തലവര മാറ്റാനുള്ള നീക്കമാണ് അണിയറക്കാര്‍ നടത്തുന്നത്. ഈ ട്വീറ്റിന് പിന്നാലെ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ഉണ്ടായിരുന്ന തന്റെ പഴയ അപ്ഡേറ്റുകളും പഴയ ട്വീറ്റുകളുമെല്ലാം താരം ഡിലീറ്റ് ചെയ്തു. കഴിഞ്ഞ സീസണില്‍ റൈസിംഗ് പൂനെയുടെ താരമായിരുന്ന പത്താനെ ലേലത്തിന് തൊട്ടു മുമ്പ് അവര്‍ വിട്ടിരുന്നു.
ഐപിഎല്ലില്‍ ഇതുവരെ 102 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇര്ഫാന് പത്താന് ഒമ്പതു സീസണിലായി ഐപിഎല്ലില്‍ അഞ്ചു ടീമുകള്‍ക്കൊപ്പം കളിച്ചു. ഈ സീസണില്‍ ഇത് ആറാമത്തെ ടീമിനൊപ്പമാണ് കളിക്കുന്നത്. അതിന് മുമ്പ് ചെന്നൈ സൂപ്പര്‍കിംഗ്സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, സണ്‍ റൈസേഴ്സ് ഹൈദരാബാദ്, കിംഗ്സ് ഇലവണ്‍ പഞ്ചാബ് എന്നിവര്‍ക്കൊപ്പമാണ് കളിച്ചത്. 21.87 ശരാശരിയില്‍ ലീഗില്‍ ഇതുവരെ 1137 റണ്‍സ് അടിച്ചിട്ടുള്ള പത്താന് 80 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. സഹോദരന് യൂസുഫ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ്.





