മുംബൈ: 2008ലെ മലേഗാവ് സ്ഫോടനക്കേസില്‍ മുഖ്യപ്രതി സ്വാധി പ്രഗ്യാ സിംഗ് താക്കൂറിന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ചുലക്ഷം രൂപയുടെ ബോണ്ടിലും തതുല്യമായ രണ്ട് ആള്‍ജാമ്യത്തിലുമാണ് സ്വാധി പുറത്തിറങ്ങുന്നത്. അതേസമയം, കേസിലെ കൂട്ടുപ്രതിയായ ലഫ്.കേണല്‍ പ്രസാദ് പുരോഹിതിന് കോടതി ജാമ്യം അനുവദിച്ചില്ല.
സ്വാധി പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കോടതിയില്‍ കെട്ടിവയ്ക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ വിധിക്കെതിരെ സുപ്രീം കോടതി ചോദ്യം ചെയ്ത് സമീപിക്കുമെന്ന് സ്ഫോടനത്തിലെ ഇരകള്‍ പറഞ്ഞു.
പ്രഗ്യാ സിംഗിന്റേയും കേണല്‍ പുരോഹിതിന്റെയും ജാമ്യാപേക്ഷ നേരത്തെ എന്‍.ഐ.എ കോടതി തള്ളിക്കളഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഇവരടക്കം 12 പേര്‍ക്കെതിരെയായിരുന്നു എ.ടി.എസ് കുറ്റപത്രം നല്‍കിയിരുന്നത്.
2008 സെപ്തംബറില്‍ നാസിക്കിനു സമീപം മലേഗാവിലെ ഹമീദിയ മുസ്ലീം പള്ളിക്കു സമീപമുണ്ടായ സ്ഫോടന പരമ്പരകളില്‍ 37 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു.






