ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് രക്തസാക്ഷി സൈനികന്റെ അമ്മ. ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കഴിവില്ലെങ്കില്‍ മകന്റെ മരണത്തിന് താന്‍ പകരം ചോദിക്കുമെന്ന് കുപ്വാരയിലെ സൈനിക താവളത്തിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട് ക്യാപ്റ്റന്‍ ആയുഷ് യാദവിന്റെ അമ്മ പറഞ്ഞു.
ക്യാപ്റ്റന്‍ ആയുഷ് യാദവും മറ്റ് രണ്ട് സൈനികരുമാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൈനിക താവളത്തില്‍ എത്തിയ അക്രമികളിലെ ചാവേര്‍ ബോംബ് സ്ഫോടനം നടത്തുകയും മറ്റുള്ളവര്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു.
അക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് ആയുഷ് യാദവിന്റെ അമ്മ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നടപടി എടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ തന്റെ മകന്റെ മരണത്തിന് താന്‍ പകരം ചോദിക്കുമെന്നും യാദവിന്റെ അമ്മ പറഞ്ഞു. മക്കള്‍ കൊല്ലപ്പെടുന്നത് എത്ര കാലം കാണേണ്ടിവരുമെന്ന് ആയുഷിന്റെ പിതാവ് അരുണ്‍ കാന്ത് യാദവ് ചോദിച്ചു.






