
വാഷിങ്ടണ്‍: അനുകൂല സാഹചര്യം വന്നാല്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് അഭിപ്രായം വ്യക്തമാക്കിയത്. അത്തരത്തില്‍ അവസരം ലഭിച്ചാല്‍ അതൊരു ബഹുമതിയായി കണക്കാക്കുന്നതായും ട്രംപ് പറഞ്ഞു.
എന്നാല്‍, പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായി ഉത്തരകൊറിയ ഒട്ടേറെ നിബന്ധനകള്‍ പാലിക്കേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ആണവ പരീക്ഷണങ്ങളടക്കമുള്ള പ്രകോപനങ്ങള്‍ ഉത്തരകൊറിയ അവസാനിപ്പിക്കണമെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞിരുന്നു. കഴിഞ്ഞദിവസം നല്കിയ ഒരു അഭിമുഖത്തില്‍ സ്മാര്‍ട്ട് കുക്കി എന്നാണ് ഉന്നിനെ ട്രംപ് വിശേഷിപ്പിച്ചിരുന്നത്.
എന്നാല്‍, പിതാവിന്റെ മരണത്തിന് പിന്നാലെ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്ത കിങ് ജോങ്ങ് ഉന്‍ ഇതുവരെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. രാജ്യത്തിന് പുറത്തേക്ക് യാത്രയും നടത്തിയിട്ടില്ല. നേരത്തേയും ഇദ്ദേഹത്തെ പ്രകീര്‍ത്തിച്ച് ട്രംപ് രംഗത്ത് എത്തിയിരുന്നു.






