
ലുധിയാന: അശ്ലീല വിഡിയോ പ്രചരിപ്പിച്ച കേസില്‍ പഞ്ചാബ് പ്രദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഗായിക കൂടിയായ ഒരു രാഷ്ട്രീയ നേതാവിന്റെ ദൃശ്യങ്ങള്‍ വാട്സാപ്പ് വഴിയും പോണ് വെബ്സൈറ്റിലൂടെയും പ്രചരിപ്പിച്ചുവെന്ന് കാണിച്ച് മോഹന്‍ സിംഗ് എന്നയാളെയാണ് വെള്ളിയാഴ്ച അറസ്റ്റു ചെയ്തത്. വസ്തു കച്ചവടക്കാരന് കൂടിയാണ് മോഹന്‍ സിംഗ്. ഗുരു തെഗ് ബഹാദൂര്‍ നഗര്‍ സ്വദേശിയാണ്. ഇയാള്‍. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സനെവാള് മണ്ഡലത്തിലെ ഈ വനിതാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സജീവ പ്രചാരകന് കൂടിയായിരുന്നു മോഹന്‍ സിംഗ്.
ഐ.ടി ആക്ടിലെ 66ഇ, 67, 67-എ, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-സി, 500, 501, വനിതകളുടെ അന്തസ്സിനെതിരെ പ്രവര്‍ത്തിച്ചത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഈ വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനെതിരെ ഗായിക ലുധിയാന പോലീസിന് പരാതി നല്‍കുകയായിരുന്നു. തന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും അത് തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 'ടൈഗര്‍ ഗ്രൂപ്പ്' എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ മോഹന്‍ സിംഗാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും ഇത് പിന്നീട് മറ്റ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുകയായിരുന്നുവെന്നും ഗായികയുടെ സഹോദരന് ആരോപിച്ചിരുന്നു.






