
ഇടുക്കി: മൂന്നാര്‍ മേഖലയില്‍ ഭൂമി കൈയേറിയവരുടെ പട്ടികയില്‍ മന്ത്രി എം.എം. മണിയുടെ സഹോദരപുത്രനും പാപ്പാത്തിച്ചോല കൈയേറ്റവിവാദത്തില്‍ ഉള്‍പ്പെട്ട കുടുംബവും. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്നു തിരുവനന്തപുരത്തു സര്‍വകക്ഷിയോഗം നടക്കാനിരിക്കേയാണു റവന്യൂ വകുപ്പ് തയാറാക്കിയ പ്രാഥമികപട്ടിക പുറത്തുവന്നത്. ഇതില്‍ പറയുന്ന സ്ഥലങ്ങളാകും ആദ്യം പിടിച്ചെടുക്കുകയെന്നാണു സൂചന.
154 കൈയേറ്റക്കാരുടെ പേരുകളും കൈവശം വച്ചിരിക്കുന്ന സ്ഥലത്തിന്റെ അളവും ഇതുമായി ബന്ധപ്പെട്ടു കേസ് നിലനില്ക്കുന്നുണ്ടോയെന്ന വിവരങ്ങളുമാണു പട്ടികയിലുള്ളത്. ബാക്കി വന്കിടകൈയേറ്റക്കാരുടെ പട്ടിക സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നു റവന്യൂ വകുപ്പ് ഇന്നത്തെ യോഗത്തില്‍ അറിയിക്കും. വമ്പന്മാരുടെ കൈയേറ്റവിവരങ്ങള് തരംതിരിച്ച് മറ്റൊരു പട്ടികയും റവന്യൂ സംഘം തയാറാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് എപ്പോള്‍ സമര്‍പ്പിക്കുമെന്നതില്‍ വ്യക്തതയില്ല.
പുറത്തുവന്ന പട്ടികയില്‍ സി.പി.എം. ജില്ലാനേതാവ് കെ.വി. ശശികുമാര്‍, ബാബുരാജ്, പാലാ സ്വദേശി സന്തോഷ് ജോര്‍ജ് തുടങ്ങി നിരവധി പ്രമുഖരുണ്ട്. കെ.എസ്.ഇ.ബി. ഭൂമി, വനഭൂമി, അതീവസുരക്ഷാമേഖലയായ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങള്‍, റവന്യൂ, എക്സൈസ്, ആരോഗ്യം, ഫിഷറീസ് വകുപ്പുകളുടെ ഭൂമി, പുറമ്പോക്ക് എന്നിവ കൈവശപ്പെടുത്തിയവരുടെ പേരുകളാണു പട്ടികയിലുള്ളത്. പാപ്പാത്തിച്ചോല കൈയേറ്റവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉള്‍പ്പെട്ട സ്കറിയയും കുടുംബവും ചിന്നക്കനാലില്‍ ഏക്കറുകള്‍ കൈയേറിയെന്നു പട്ടികയില്‍ പറയുന്നു. സ്കറിയയുടെ കുടുംബം ചിന്നക്കനാലില്തന്നെ 34/1, 20/1, 82/1 സര്‍വേ നമ്പരുകളിലായി ഏക്കറുകളാണു കൈയേറിയത്. ജിമ്മി സ്കറിയ, ജിജി സ്കറിയ, ബോബി സ്കറിയ എന്നിവരാണ് ആദിവാസി ഭൂമിയുള്‍പ്പെടെ സ്വന്തമാക്കിയത്. പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ചു നടത്തിയ കൈയേറ്റവുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥര്‍ നല്കിയ റിപ്പോര്‍ട്ടിലും സ്കറിയാ കുടുംബത്തിന്റെ പങ്ക് പരാമര്‍ശിക്കുന്നുണ്ട്.
മന്ത്രി എം.എം. മണിയുടെ സഹോദരപുത്രന് ലിജീഷ് ലംബോദരന് ചിന്നക്കനാലിലെ ബ്ലോക്ക് നമ്പര്‍ ആറില്‍ 7.5 ഏക്കര്‍ കൈവശം വച്ചിട്ടുണ്ടെന്നു പട്ടികയില്‍ പറയുന്നു. സി.പി.എം. നേതാവ് കെ.വി. ശശികുമാര്‍ സെറ്റില്‍മെന്റ് ഏരിയയില്‍ സ്ഥലം കൈയേറി കെട്ടിടം നിര്‍മിച്ചു. ചലച്ചിത്രനടന്‍ കൈയേറിയ ഭൂമി ആനവരട്ടിയിലാണ്. ബിനു പാപ്പച്ചന്, മിനി പാപ്പച്ചന്, ആശാ അലക്സ്, രാജാമണി പ്രിന്‍സ് എന്നിവരാണു കെ.എസ്.ഇ.ബി. ഭൂമിയിലെ കൈയേറ്റക്കാര്‍. പാലാ സ്വദേശി സന്തോഷ് ജോര്‍ജ് ബൈസണ്വാലിയിലാണു സ്ഥലം സ്വന്തമാക്കിയത്. ആന്റോ ആന്റണി എന്നയാള്‍ ബ്ലോക്ക് നമ്പര്‍ 47-ല്‍ 4.2 ഏക്കര്‍ അനധികൃതമായി കൈവശം വച്ചിട്ടുണ്ട്.
അതീവസുരക്ഷാമേഖലയായ ആനയിറങ്കല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 611 ഏക്കര്‍ വിവിധ ആളുകള്‍ കൈയേറി. ദേവികുളത്ത് ആരോഗ്യവകുപ്പിന്റെ ഭൂമി കൈവശം വച്ചിരിക്കുന്നതു ജോണ്‍സണെന്ന ആളാണ്. ചിത്തിരപുരത്ത് ആരോഗ്യവകുപ്പിന്റെ ഭൂമി നിരവധി ആളുകളുടെ കൈവശമാണ്. ജോസഫ് ആന്റണിയെന്നയാള് പാമ്പാര്‍ നദിക്കു സമീപം ഏക്കറുകള്‍ കൈയേറി. ആന്റോ തരകന്, ജോളി പോള്‍ തുടങ്ങിയവരും കൈയേറ്റക്കാരുടെ പട്ടികയിലുണ്ട്.
കണ്ണന്‍ദേവന്‍ ഹില്‍സ് (കെ.ഡി.എച്ച്) വില്ലേജില്‍ വായല്ക്കടവ് എസ്റ്റേറ്റിനു സമീപം 50 ഏക്കറും കെ.എസ്.ഇ.ബി. ഹെഡ്വര്ക്സ് അണക്കെട്ടിനു സമീപം മൂന്നേക്കറും നിരവധി ആളുകള്‍ സ്വന്തമാക്കി. കീഴാന്തൂര്‍, മറയൂര്‍ പ്രദേശങ്ങളിലാണു മറ്റു കൈയേറ്റങ്ങള്‍. രാജ്കുമാര്-എട്ട്, കെ.എച്ച്. അബ്ദുള്‍ നാസര്‍, ഗായത്രി, മാത്യു, മുഹമ്മദ്, സിനി, ശ്രീദേവി, കെ.പി. സരസ്വതി-മൂന്ന്, ബീന നസീര്‍, റസിയ സലിം, വി.എസ്. ചന്ദ്ര, പപ്പ-രണ്ട് ഏക്കര്‍ വീതം സ്വന്തമാക്കിയിട്ടുണ്ട്.






