ന്യൂഡല്‍ഹി: മൂന്ന് മണിക്കൂറിനുള്ളില്‍ മടങ്ങി വരുമെന്ന് പറഞ്ഞ മകള്‍ ഇനിയൊരിക്കലും മടങ്ങി വരില്ലെന്ന യാഥാര്‍ത്ഥ്യം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല നിര്‍ഭയയുടെ അമ്മ ആശാദേവിക്ക്. 2012 ഡിസംബര്‍ 16ന് സുഹൃത്തിനൊപ്പം പുറത്ത് പോകുമ്പോള്‍ നിര്‍ഭയ അവസാനമായി അമ്മയോട് പറഞ്ഞ വാക്കുകള്‍ ഇതാണ്. ആ വാക്കുകള്‍ ഇപ്പോഴും വേദനയോടെ അല്ലാതെ തനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ലെന്ന് ആശാദേവി പറഞ്ഞു. ഇനിയൊരിക്കലും അവളെ കാണനാനാകില്ലെന്ന് അറിയാം. എങ്കിലും അവളെ ഒരിക്കല്‍ കൂടി കാണാനാകുമെന്ന് പ്രതീക്ഷയിലാണ് ഞാന്‍ ജീവിക്കുന്നത്-ആശാദേവി പറഞ്ഞു.
പീഡനത്തെ തുടര്‍ന്ന് ഗുരുതരമായ പരുക്കുകളോടെ മകള്‍ ആശുപത്രിയില്‍ കഴിയവെ നിരവധി ട്യുബുകളാണ് അവളുടെ ശരീരത്തിലൂടെ കടത്തിയിരുന്നത്. അന്ന് അവള് ഒരു ാസ് വെള്ളം ചോദിച്ചു. എന്നാല്‍ വെള്ളം നല്കാന് ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. ആന്തരികാവയവങ്ങളെല്ലാം തകരാറിലാണെന്നും ശരീരം വെള്ളം സ്വീകരിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാര്‍ അനുമതി നിഷേധിച്ചത്. അത് ഇപ്പോഴും തന്നെ വേദനിപ്പിക്കുന്ന ഓര്‍മ്മയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ജഷ്ടനിലൂടെയും മൂക്കിലൂടെയിട്ട ട്യൂബ് വഴിയുമാണ് ആഹാരം നല്‍കിയിരുന്നത്.
ഇപ്പോഴും കുടിക്കാന്‍ വെള്ളമെടുത്താല്‍ ഒരു തുള്ളി വെള്ളത്തിനായി ദാഹിച്ച് ആശുപത്രി കിടക്കയില്‍ കിടന്ന മകളുടെ രൂപം ഓര്‍മ്മ വരുമെന്ന് ആശാദേവി പറഞ്ഞു. വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് മകളാണ്. എന്നാല്‍ അവസാനമായി അവള്‍ക്ക് ഒരു തുള്ളി വെള്ളം പോലും നല്കാന് എനിക്ക് സാധിച്ചില്ല. ദീര്‍ഘമായ നിയമപോരാട്ടത്തിലൂടെ നാല് പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കിയെങ്കിലും ഒരു പ്രതി ശിക്ഷാ ഇളവ് നേടിയതില്‍ ദുഃഖമുണ്ടെന്ന് ആശാദേവി പറഞ്ഞു. നിയമപോരാട്ടം അവസാനിച്ചിട്ടില്ലെന്നും നിര്‍ഭയ കേസിന് സമാനമായി മറ്റ് ലൈംഗിക പീഡനക്കേസുകളും ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വിചാരണ നടത്തുന്നതിനായി പോരാടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.






