പൂനെ: സോഫ്റ്റ്വെയര് എഞ്ചിനീയറായിരുന്ന നയന പൂജാരി എന്ന യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊന്ന സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ. പൂനെയിലെ ശിവാജി നഗര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2009ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്പെഷ്യല്‍ ജഡ്ജ് എല്‍.എല്‍ യെങ്കറാണ് കേസില്‍ വിധി പറഞ്ഞത്. ആരോപണവിധേയരായ മൂന്ന് പേര് കുറ്റക്കാരാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.
യോഗേഷ് റൗത്ത്, മഹേഷ് താക്കൂര്‍, വിശ്വാസ് കദം എന്നീ പ്രതികള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. 2009 ഒക്ടോബര്‍ 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട നിലയില്‍ നയന പൂജാരിയുടെ മൃതദേഹം സാരെവാഡി വനമേഖലയിലാണ് കണ്ടെത്തിയത്. പ്രതികള്‍ നയന പൂജാരിയെ തട്ടിക്കൊണ്ടു പോയി കാറിനുള്ളില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് അവരുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കേസില്‍ നാല് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ രാജേഷ് ചൗധരി എന്നയാളെ പിന്നീട് മാപ്പ് സാക്ഷിയാക്കി.






