
ബെംഗളൂരു: വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ബെംഗളൂരുവിൽ 23 വയസുകാരിയായ യുവതിയെ കാമുകൻ കുത്തിക്കൊന്നു. അഞ്ജലി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാമുകൻ രാജീവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 9:30 ഓടെയായിരുന്നു ക്രൂരമായ ഈ കൊലപാതകം നടന്നത്. പോലീസ് പറയുന്നതനുസരിച്ച്, അഞ്ജലിയും രാജീവും കഴിഞ്ഞ മൂന്ന്-നാല് വർഷമായി ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഇവിടെ വെച്ചാണ് ഇവർ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. എന്നാൽ രാജീവിന്റെ പശ്ചാത്തലം ഇഷ്ടപ്പെടാത്തതിനാൽ അഞ്ജലിയുടെ കുടുംബം ഇവരുടെ വിവാഹത്തെ ശക്തമായി എതിർത്തിരുന്നു. വിവാഹത്തിന് സമ്മതിപ്പിക്കാൻ രാജീവ് പലതവണ അഞ്ജലിയെയും കുടുംബത്തെയും സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. വീട്ടുകാരുടെ സമ്മർദ്ദം ശക്തമായതോടെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി അഞ്ജലി രാജീവിനെ ഒഴിവാക്കാൻ തുടങ്ങിയിരുന്നു.
തുടർന്ന് ഞായറാഴ്ച വൈകുന്നേരം രാജീവ് അഞ്ജലിയെ അത്താഴം കഴിക്കാനായി ക്ഷണിക്കുകയും, ഭക്ഷണത്തിനിടെ വീണ്ടും വിവാഹക്കാര്യം സംസാരിക്കുകയും ചെയ്തു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കത്തിനൊടുവിൽ അഞ്ജലി അവിടെനിന്ന് ഇറങ്ങിപ്പോയെങ്കിലും, പിന്തുടർന്ന രാജീവ് കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഞ്ജലിയുടെ കഴുത്തിൽ കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അഞ്ജലിയെ നാട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. സംഭവസ്ഥലത്തെത്തിയ പോലീസ് മിനിറ്റുകൾക്കകം തന്നെ പ്രതിയായ രാജീവിനെ കസ്റ്റഡിയിലെടുത്തു. നിലവിൽ അഞ്ജലിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി എം.എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.






