
പൂനെ: പൂനെയിലെ നസ്രാപൂരിൽ മൂന്നര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ഭീംറാവു കാംബ്ലെയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് നിരീക്ഷിച്ചുകൊണ്ടാണ് പൂനെ സെഷൻസ് കോടതി സ്പെഷ്യൽ ജഡ്ജി എസ്.ആർ. സാളുങ്കെ പ്രതിക്ക് തൂക്കുകയർ വിധിച്ചത്.
വേനലവധിക്ക് മുത്തശ്ശിയുടെ വീട്ടിലെത്തിയ കുഞ്ഞിനെ ലഘുഭക്ഷണങ്ങളും പശുക്കിടാവിനെയും കാണിച്ചുതരാമെന്ന് പ്രലോഭിപ്പിച്ചാണ് അറുപത്തിയഞ്ചുകാരനായ പ്രതി പശുത്തൊഴുത്തിന് സമീപമുള്ള ഷെഡിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.
ഡിഎൻഎ തെളിവുകളും ഫോറൻസിക് പരിശോധനാഫലങ്ങളും ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാൻ പ്രൊസിക്യൂഷന് സാധിച്ചതാണ് കേസിൽ നിർണായകമായത്.
പ്രതിക്ക് യാതൊരുവിധ പശ്ചാത്താപവുമില്ലെന്നും ഇയാൾ തിരുത്തപ്പെടാൻ സാധ്യതയില്ലാത്ത ക്രിമിനലാണെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന പ്രൊസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. പോക്സോ കോടതി കഴിഞ്ഞ ആഴ്ച തന്നെ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.






