കൊല്‍ക്കത്ത: നാരദ ജയന്തി ദിനത്തില്‍ പശ്ചിമ ബംഗാളിലെ ദേശസ്നേഹികളായ മാധ്യമപ്രവര്‍ത്തകരെ ആദരിക്കാന്‍ ആര്.എസ്.എസ്. ആര്.എസ്.എസിന് കീഴിലുള്ള വിശ്വ സാമ്വേദ് കേന്ദ്രയാണ് മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നത്. ആര്.എസ്.എസിന്റെ കാഴ്ചപ്പാടില്‍ ലോകത്തിലെ ആദ്യത്തെ മാധ്യമപ്രവര്‍ത്തകനാണ് നാരദമുനി. അദ്ദേഹത്തിന്റെ ജയന്തിയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിലാകും മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നത്. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യസ്നേഹികളായ മാധ്യമപ്രവര്‍ത്തകരെ കണ്ടെത്തി ആദരിക്കുന്നത്.
മെയ് 13ന് നടക്കുന്ന പരിപാടിയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയാണ് മുഖ്യാതിഥി. മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമെ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പ് അഡ്മിന്മാരെയും ആദരിക്കും. പശ്ചിമ ബംഗാളില്‍ കലാപം നടന്ന പ്രദേശങ്ങളായ കാലിയച്ഛക്, ദുലാഗര്ഹ് എന്നിവടങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെയാണ് ആദരിക്കുന്നതെന്ന് ആര്.എസ്.എസ് വക്താവ് ബിലാപ് റോയ് മാധ്യമങ്ങളോട് പറഞ്ഞു.
ഹിന്ദു മഹാസഭാ നേതാവ് നബിയെക്കുറിച്ച് നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് കഴിഞ്ഞ ജനുവരി 3ന് മാല്‍ഡ ജില്ലയിലെ കാലിയചഛകില് കലാപം നടന്നത്. അക്രമാസക്തരായ ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീയിട്ടിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 65 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കലാപകാരികളെ നിയന്ത്രിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നും ഒരു സമുദായത്തോട് മാത്രം അനുകൂല സമീപനം സ്വീകരിച്ചുവെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.






