ആമസോണിനെ പറ്റിച്ച് യുവതി സ്വന്തമാക്കിയത് 70 ലക്ഷം രൂപ. ദീപന്‍വിത ഘോഷ് എന്ന 32കാരിയാണ് ആമസോണിനെ പറ്റിച്ചത്്. സംഭവത്തില്‍ ഹെന്നൂര്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. ആമസോണ്‍ വഴി സാധനങ്ങള്‍ വാങ്ങിയ ശേഷം രൂപസാദൃശ്യമുള്ള വസ്തുക്കള്‍ മടക്കി നല്‍കിയാണ് യുവതി പണം തട്ടിയത്. സമാനരീതിയില്‍ യുവതി ഒരു വര്‍ഷം തട്ടിപ്പ് തുടര്‍ന്നു. ആമസോണ്‍ പ്രതിനിധി ദെനു ടി. നായര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ അവസാനമാണ് തട്ടിപ്പുകാരി പിടിയിലായത്.
വിലകൂടിയ ഇലക്ട്രോണിക് സാധനങ്ങളടക്കം 104 പര്‍ച്ചേസുകളാണ് യുവതി ആമസോണില്‍ നിന്നും നടത്തിയത്. വ്യാജ പേരുകള്‍ ഉപയോഗിച്ചാണ് യുവതി ആമസോണില്‍ ഓര്‍ഡറുകള്‍ നല്‍കിയിരുന്നത്. സാധനം കയ്യിലെത്തി 24 മണിക്കൂറിനകം യുവതി റിട്ടേണ്‍ അഭ്യര്‍ത്ഥന നല്‍കും. തുടര്‍ന്ന് രൂപസാദൃശ്യമുള്ള വ്യാജ വസ്തുക്കള്‍ തിരിച്ചയക്കും. ഇതോടെ പണവും യഥാര്‍ത്ഥ സാധനവും യുവതിക്ക് സ്വന്തമാകും.
റീഫണ്ട് ചെയ്ത സാധനങ്ങളുടെ പാക്കറ്റ് ആമസോണ്‍ പരിശോധിക്കാറില്ലായിരുന്നു. ഈ പഴുത് മുതലെടുത്താണ് യുവതി ആമസോണിനെ പറ്റിച്ചത്. കഴിഞ്ഞ വര്‍ഷം സൈബരാബാദ് സ്വദേശിയായ 25കാരന് ആമസോണിനെ പറ്റിച്ച് 36 ലക്ഷം രൂപ നേടിയിരുന്നു.






