
റിയാദ്: സ്വദേശികളായ പൗരന്മാര്ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കാനും രാജ്യത്തിന്റെ സമ്പത്ത് പുറം നാടുകളിലേക്ക് ഒഴുകുന്നത് തടയാനുമായി സൗദി അറേബ്യ നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'സ്വദേശിവത്ക്കരണ' നടപടികള്‍ സര്‍ക്കാര്‍ തൊഴില്‍ മേഖലയിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനം.
ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍മാരാണ് ഈ ഞെട്ടിക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്.
മലയാളികളടക്കം സൗദിയിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ജോലി പോകും. സ്വദേശിവത്ക്കരണം സര്‍ക്കാര്‍ സര്‍വ്വീസുകളിലേക്ക് കൂടി സര്‍ക്കാര്‍ വ്യാപിക്കുന്നത് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും.
സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ സ്വദേശിവത്ക്കരണം നടപ്പാക്കാനുള്ള പദ്ധതി സിവില്‍ സര്‍വ്വീസ് മന്ത്രാലയമാണ് തയ്യാറാക്കുന്നത്. വിഷന്‍ 2020 പദ്ധതിയുടെ ഭാഗമായാണ് സൗദിയില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പ്രവാസികള്‍ വന്‍തൊഴില്‍ നഷ്ടഭീഷണിയാണ് നേരിടുന്നത്. കടുത്ത സാമ്പത്തിക മാന്ദ്യമാണ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ എണ്ണക്കമ്പനികള്‍ നേരിടുന്നത്. ഇത് മൂലം അടുത്ത രണ്ട് വര്‍ഷത്തിനിടയില്‍ പ്രവാസികളെ തിരിച്ചയക്കുന്ന നടപടികള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.






