
കഴിഞ്ഞ ദിവസം ലോകത്താകെമാനം നടന്ന സൈബര്‍ ആക്രമണത്തില്‍ ഉപയോഗിക്കപ്പെട്ടത് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി വികസിപ്പിച്ച ആപ്പെന്ന് റിപ്പോര്‍ട്ട്. ആന്റി വൈറസ് നിര്‍മ്മാതാക്കളായ ക്യാസ്പെര്സ്ക്കി പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ദിവസം രാത്രിയില്‍ ഇന്ത്യ ഉള്‍പ്പെടെ 74 രാജ്യങ്ങളിലെ കമ്പ്യുട്ടര്‍ സംവിധാനമാണ് ഷട്ട് ഡൗണ്‍ ചെയ്യപ്പെട്ടത്. ലോകത്തുടനീളമായി ഏകദേശം 45,000 തവണയോളം സൈബര്‍ ആക്രമണം നടക്കുകയും ചെയ്തു.
അതേസമയം ഇത് പ്രാഥമിക കണക്കുകള്‍ മാത്രമാണെന്നും യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുമെന്നുമാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ച മൂന്ന് രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. അതേസമയം ഇന്ത്യന്‍ കമ്പനികളെ അത് ഏത് തരത്തിലെല്ലാം ബാധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ ഇരിക്കുന്നതേയുള്ളൂ. പുറത്തു വന്ന ഏറ്റവും വലിയ വാര്‍ത്ത യു കെ യിലെ ആശുപത്രികളെ കേന്ദ്രീകരിച്ച് നടന്നതാണ്. സിസ്റ്റത്തിലെ എല്ലാ ഡേറ്റകളും അക്സസ് ചെയ്യാന്‍ കഴിയാത്ത വിധത്തിലുള്ള മാല്‍വെയര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇത് ഓരോ കമ്പ്യൂട്ടറുകളെയും ദോഷകരമായി ബാധിച്ചു.
ഇ മെയിലുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. യുകെ പത്രമായ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ 16 ദേശീയ ഹെല്‍ത്ത് സര്‍വീസ് ട്രസ്റ്റുകള്‍, ആശുപത്രികള്‍ എന്നിവയെ ദോഷകരമായി ബാധിക്കുകയും രോഗികളുടെ റെക്കോഡ്സ് പോലും എടുക്കാന്‍ കഴിയാതാകുകയും ചെയ്തു. വാണക്രൈ എന്ന പേരുള്ള വാണാക്രിപ്റ്റര് റാന്‍സം പ്രോഗ്രാമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. കംപ്യൂട്ടര്‍ ഫയലുകള്‍ തിരികെ ലഭിക്കാന്‍ ഹാക്കര്‍മാര്‍ മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണമാണ് നടത്തിയത്. 19,000 മുതല്‍ 39,000 രൂപ വരെയാണ് ചോദിക്കുന്നത്.






