കോട്ടയം: കുമ്പസാര രഹസ്യം മറയാക്കി വൈദികര്‍ സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ശ്രമിക്കുന്നതായി പരാതി. ഒരു വിഭാഗം വൈദികരാണ് ഈ ചൂഷണത്തിന് പിന്നില്‍. നേരത്തെ കത്തോലിക്കാ സഭാ വിശ്വാസിയായിരുന്ന യുവതിയുടെ നേതൃത്വത്തില്‍ ഇതിനെതിരെ എറണാകുളം ബിഷപ്പ് ഹൗസിന് മുന്നില്‍ സമരം ചെയ്തിരുന്നു. ഇതിന് പിന്നാലെ ദുരനുഭവം തുറന്ന് പറഞ്ഞ് നിരവധി സ്ത്രീകള്‍ രംഗത്ത് വന്നിരിക്കുകയാണ്. യുവതികളും വീട്ടമ്മമാരും ഈ ചൂഷണത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
കുമ്പസാരത്തിനിടെ ലൈംഗിക കാര്യങ്ങള്‍ പറഞ്ഞാല്‍ പിന്നീട് അത് മറയാക്കി ഭീഷണിപ്പെടുത്തുകയും തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. കോട്ടയം സ്വദേശിനിയായ വീട്ടമ്മ അടുത്ത ബന്ധുവില്‍ നിന്ന് നേരിട്ട ലൈംഗിക ചൂഷണത്തെക്കുറിച്ച് കുമ്പസാരത്തില്‍ പറഞ്ഞിരുന്നു. ഇത് മറയാക്കി വൈദികന് വീട്ടമ്മയെ കിടപ്പറയിലേക്ക് ക്ഷണിച്ചു. തനിക്ക് വഴങ്ങിയില്ലെങ്കില്‍ ബന്ധുവുമായുണ്ടായ ലൈംഗിക വേഴ്ച വിദേശത്തുള്ള ഭര്‍ത്താവിനെ അറിയിക്കുമെന്നായിരുന്നു ഭീഷണി.
ഒടുവില്‍ വീട്ടമ്മ ഭര്‍ത്താവിനെ തന്നെ വിവരം അറിയിക്കുകയും വൈദികന്റെ ഭീഷണിയില്‍ നിന്നും ഒഴിവാകുകയുമായിരുന്നു. കഴിഞ്ഞ ദിവസം മാനന്തവാടി രൂപതയിലെ ഒരു പള്ളിയില്‍ കുമ്പസാര രഹസ്യം പുറത്ത് വന്നതിനെച്ചൊല്ലി സംഘര്‍ഷമുണ്ടായിരുന്നു. കുമ്പസാര രഹസ്യം മറയാക്കി പണം ആവശ്യപ്പെടുന്ന വൈദികരുമുണ്ടത്രേ. ഏതായാലും ചില ഇടവകകളില്‍ വൈദികര്‍ക്കെതിരെ നിയമനടപടികള്‍ക്ക് പോലും വിശ്വാസികള്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.






