
കാണ്‍പൂര്‍: നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് സണ്‍റൈസസ് ഹൈദരാബാദ് ഐപിഎല്‍ പത്താം സീസന്റെ പ്ലേ ഓഫില്‍ കടന്നു. അര്‍ധ സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെയും (69) യുവ താരം വിജയ് ശങ്കറിന്റെയും (63) ബാറ്റിങ് പ്രകടനമാണ് ഹൈദരബാദിന് വിജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 19.2 ഓവറില്‍ 154 റണ്‍സ് എടുത്തു. ഡ്വെയ്ന്‍ സ്മിത്തും (54) ഇഷാന് കിഷാനും (61) ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 10 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 105 എന്ന സ്കോറിലായിരുന്നു. 11-ാം ഓവറില്‍ 111 റണ്‍സ് എത്തിയപ്പോഴാണ് ഗുജറാത്തിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഹൈദരാബാദിന് കഴിഞ്ഞത്. എന്നാല്‍ അവിടെ വീണ ഗുജറാത്തിന്റെ തകര്‍ച്ചയാണ് പിന്നീടുണ്ടായത്. 43 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ 10 വിക്കറ്റുകളാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.
ഗുജറാത്ത് നിരയില്‍ സ്മിത്തിനും റാഷിദ് റാഷിദ് ഖാനും പുറമേ ജഡേജയ്ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. കൃത്യമായ ഇടവേളകളില്‍ ഒന്നിനു പിറകേ ഒന്നായി കൂടാരം കയറുന്നതാണ് കാണ്‍പൂരില്‍ കാണാന്‍ സാധിച്ചത്. ക്യാപ്റ്റന്‍ സുരേഷ് റെയ്ന രണ്ട് റണ്‍സിനും ദിനേശ് കാര്‍ത്തിക് റണ്‍സൊന്നും എടുക്കാതെയും തിരിച്ച് കൂടാരം കയറി. പിന്നാലെ എത്തിയ നാല് കളിക്കാരും പൂജ്യത്തിന് മടങ്ങി.
നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാനും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറുമാണ് ആശ്വസ ജയം തേടിയിറങ്ങിയ ഗുജറാത്തിനെ മടക്കിക്കെട്ടിയത്. 11 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഹൈദരാബാദ് മറികടന്നത്. ഹൈദരാബാദിനായി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെയും (69) വിജയ് ശങ്കറുടെയും (63) ചിറകിലേറിയായിരുന്നു ഹൈദരാബാദിന്റെ വിജയം.






