
ന്യുഡല്‍ഹി: രാജ്യത്ത് ഒരു സൈബര്‍ നെറ്റ്വര്‍ക്കിലും 'വാനാക്രൈ' ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ സെക്യുരിറ്റി യൂണിറ്റായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്പോണ്‍സ് ടീം (സെര്‍ട്ട്-ഇന്‍). 150 ഓളം രാജ്യങ്ങഴിലെ കമ്പ്യൂട്ടര്‍ സംവിധാനം താറുമാറാക്കിയ വാനാക്രൈ ആക്രമണത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. ബാങ്കിംഗ്, ടെലികോം, ഊര്‍ജം, വ്യോമയാനം തുടങ്ങി അതീവ പ്രാധാന്യമുള്ള മേഖലകളിലെ നെറ്റ്വര്ക്കുകള് കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. മൈക്രോസോഫ്ടും മറ്റ് സോഫ്ട്വേര്‍ കമ്പനികളുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. ആക്രമണം സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടും ഈ കമ്പനികള്‍ നല്‍കിയിട്ടില്ലെന്ന് സെര്‍ട്ട്-ഇന്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ബല് വ്യക്തമാക്കി.
ലോകമെമ്പാടും സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തതോടെ ശനിയാഴ്ച മുതല്‍ സൈബര്‍ സെക്യുരിറ്റിയെ കുറിച്ച് വിവരം നല്കുന്ന സര്‍ക്കാര്‍ പോര്‍ട്ടലാണ് സൈബര്‍ സ്വച്ഛ കേന്ദ്ര പരിഷ്കരിച്ചുവരികയാണ്.
റഷ്യ, ബ്രിട്ടണ് അടക്കം 150 ഓളം രാജ്യങ്ങളിലാണ് വാനാക്രൈ നാശം വിതച്ചത്. സൈബര്‍ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആക്രമണമാണ് വാനാക്രൈ നടത്തിയത്. ലോകമെമ്പാടുമുള്ള രണ്ടു ലക്ഷത്തിലധികം കമ്പ്യൂട്ടറുകള്‍ വാനാക്രൈ തകര്‍ത്തുവെന്നാണ് കണക്ക്.






