
റോഹ്തക് : രണ്ടാനച്ഛന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പത്തു വയസ്സുകാരിയുടെ അഞ്ചു മാസം പൂര്‍ത്തിയായ ഗര്‍ഭം അലസിപ്പിക്കാന്‍ തീരുമാനം. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ പാനലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യവും ഭാവിയും സുരക്ഷിതമാക്കുന്നതിനാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.
സാധാരണ ഗതിയില്‍ അമ്മയുടെ ജീവന് ഭീഷണിയുണ്ടെങ്കില്‍ മാത്രമേ 20 ആഴ്ച പൂര്‍ത്തിയായ ഗര്‍ഭം അലസിപ്പിക്കാന്‍ നിയമപരമായി അനുവദിക്കൂ. ഗര്‍ഭം അലസിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി പത്തുവയസ്സുകാരിയുടെ അമ്മയാണ് കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്ന് കോടതി തീരുമാനം ഡോക്ടര്‍മാരുടെ അഭിപ്രായത്തിന് വിടുകയായിരുന്നു.
ഈ പത്തു വയസ്സുകാരിയെ കൂടാതെ ഇവര്‍ക്ക് നാല് മക്കള്‍ കൂടി ഉണ്ട്. നിലവിലെ സാഹചര്യത്തില്‍ ഒരു കുഞ്ഞിനെക്കൂടി പരിചരിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചത്.
ശാരീരിക തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പത്തുവയസ്സുകാരി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടാനച്ഛനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
ഇതിനിടെ, ലൈംഗീക പീഡനക്കേസിലെ ഇരകള്‍ 20 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരന്തരമായി കോടതിയെ സമീപിക്കുന്നതിനാല്‍ 24 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കുന്നത് അനുവദനീയമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പലരും ഗര്‍ഭിണിയാണെന്ന് പുറത്തറിയുന്നത് അഞ്ച് മാസമാകുമ്പോഴാണ്. അതിനാല്‍ ആറു മാസം വരെയുീള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്നതാണ് സാമൂഹിക പ്രവര്‍ത്തകള്‍ ആവശ്യപ്പെടുന്നത്.






