
തിരുവനന്തപുരം: റബര്‍ ബോര്‍ഡ് ഓഫീസുകള്‍ അടച്ചു പൂട്ടുന്നതിനെതിരെ കേന്ദ്രത്തിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന് കെഎം മാണി എംഎല്‍എ സബ്മിഷനില്‍ ആവശ്യപ്പെട്ടു. സര്‍വകക്ഷി സംഘം റബര്‍ നയവും റബര്‍ വില തകര്‍ച്ചയും സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തണമെന്നും കെ.എം മാണി പറഞ്ഞു. റബര്‍ ബോര്‍ഡിനു കീഴില്‍ വിവിധ സംസ്ഥാനങ്ങളിലായി 44 റീജിയണല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ 26 എണ്ണം കേരളത്തിലാണ്. ഇന്ത്യ ഉത്പാദിപ്പിക്കുന്ന സ്വാഭാവിക റബറിന്റെ 90 ശതമാനവും കേരളത്തിലാണ്.
കേരളത്തില്‍ 1.2 മില്യന്‍ കര്‍ഷകരാണ് റബര്‍ കൃഷിയില്‍ ഉപജീവനം നടത്തുന്നത്. ആവര്‍ത്തന ക്യഷി, തോട്ടം പരിശോധന, വിലസ്ഥിരതാ പദ്ധതി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കര്‍ഷകര്‍ സമീപിക്കുന്നത് റീജിയണല്‍ ഓഫീസുകളെയാണ്.
കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ട ഓഫീസ് പാലാ ഓഫീസുമായി ലയിപ്പിക്കാനാണ് നീക്കം. കാസര്‍ഗോഡ്, മണ്ണാര്‍ക്കാട്, തിരുവനന്തപുരം, ശ്രീകൃഷ്ണപുരം, തലശേരി ഓഫീസുകള്‍ ഇക്കൊല്ലം അവസാനത്തോടെ നിര്‍ത്തും. കഴിഞ്ഞ മാസം എറണാകുളം, കോതമംഗലം, ഓഫീസുകള്‍ പൂട്ടി. ഇവ മൂവാറ്റുപുഴ, ഓഫീസിനോട് ലയിപ്പിച്ചു.






