
ബെംഗളൂരു: ഓണത്തിന് ഇനി രണ്ട് മാസം മാത്രം ബാക്കിയുള്ളതിനാൽ നാട്ടിലേക്ക് മടങ്ങാനുള്ള തിരക്കിൽ ബെംഗളൂരു മലയാളികൾ. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിൽ ഓഗസ്റ്റ് 21-ലെ ടിക്കറ്റുകൾ ബുക്കിംഗ് ആരംഭിച്ച ഉടൻ തന്നെ മിനിറ്റുകൾക്കകം വിറ്റുതീർന്നു. തിരുവോണം ഓഗസ്റ്റ് 26-നാണ് വരുന്നത് എങ്കിലും വെള്ളിയാഴ്ചയായ 21-നാണ് കൂടുതൽ പേർ യാത്ര തിരിക്കുന്നത്. 22-ലെ ബുക്കിംഗ് ഇന്ന് ആരംഭിക്കും.
കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ്, മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്, യശ്വന്തപുര–കണ്ണൂർ എക്സ്പ്രസ് തുടങ്ങിയ പ്രതിദിന ട്രെയിനുകളിലെ സീറ്റുകളാണ് ആദ്യം തന്നെ പൂർണ്ണമായി ബുക്ക് ആയത്. മംഗളൂരു വഴിയുള്ള കെഎസ്ആർ ബെംഗളൂരു–കോഴിക്കോട് എക്സ്പ്രസിൽ മാത്രമാണ് ഇന്നലെ വരെ ചില ടിക്കറ്റുകൾ ലഭ്യമായിരുന്നത്.
ഇതിനൊപ്പം വിമാന ടിക്കറ്റ് നിരക്കുകളും ഉയർന്ന നിലയിലാണ്. ഓഗസ്റ്റ് 21-ന് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് ₹3,900–₹4,500, തിരുവനന്തപുരത്തേക്ക് ₹4,500–₹6,000, കോഴിക്കോട്ടേക്ക് ₹3,200–₹4,500, കണ്ണൂരിലേക്ക് ₹3,600–₹5,500 എന്നിങ്ങനെയാണ് നിലവിലെ നിരക്കുകൾ.
ചെന്നൈയിൽ നിന്നുള്ള കേരള യാത്രയ്ക്കും സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്. മിക്ക ട്രെയിനുകളിലും ടിക്കറ്റുകൾ ഇതിനകം തന്നെ തീർന്ന നിലയിലാണ്.






