
കണ്ണൂർ ഇരിട്ടി വാണിയപ്പാറ പള്ളിയിലെ കല്ലറയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയ്ക്ക് അവസാനം. കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണെന്ന് പരിശോധനയിൽ വ്യക്തമായി. പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ വസ്തു ജെയിംസിനെ ക്രിസ്ത്യൻ ആചാരപ്രകാരം അടക്കം ചെയ്ത പെട്ടിയാണെന്നും സ്ഥിരീകരിച്ചു.
2015-ലാണ് ജെയിംസിനെ ഇവിടെ സംസ്കരിച്ചത്. പള്ളിയുടെ 38-ാം നമ്പർ കല്ലറയിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് ദുരൂഹത ഉയർന്നത്. കല്ലറയിൽ മറിയാമ്മയെയും ജെയിംസിനെയും അടക്കം ചെയ്തിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
2014-ൽ കാണാതായ വിലങ്ങാട് സ്വദേശി സിജോയുടെ മൃതദേഹമാണോ ഇതെന്ന സംശയം ബന്ധുക്കൾ ഉയർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കല്ലറ തുറന്ന് പരിശോധന നടത്തി. ജൂൺ 13-നാണ് മറ്റൊരു മൃതദേഹം സംസ്കരിക്കാൻ കല്ലറ തുറന്നപ്പോൾ മൃതദേഹസദൃശമായ വസ്തു കണ്ടെത്തിയത്, തുടർന്ന് സംശയം ശക്തമായി.
ആദ്യ ഘട്ടത്തിൽ ശാസ്ത്രീയ പരിശോധന ആവശ്യമില്ലെന്ന നിലപാടിലായിരുന്ന പൊലീസ്, പിന്നീട് സിജോ സ്‌കറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട കുടുംബ പരാതിയും മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയും പരിഗണിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.






