
ബെയ്ജിങ് : ദക്ഷിണ ചൈനാ കടലിലെ തര്‍ക്കത്തിലുള്ള വിവാദ ദ്വീപില്‍ ചൈന റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചു. വിയറ്റ്നാം, ഫിലിപ്പീന്‍സ്, തായ്വാന് എന്നീ രാജ്യങ്ങളുമായി തര്‍ക്കത്തില്‍ കിടക്കുന്ന ഫെറിക്രോസ് റീഫിലാണ് റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
വിയറ്റ്നാമിന്റെ സൈനീക പ്രതിരോധത്തെ നേരിടാനാണ് ചൈനയുടെ നീക്കം. സ്വന്തം അധീനതയിലുള്ള പ്രദേശത്ത് എന്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും അധികാരമുണ്ടെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം പുറത്തുവിട്ട വാര്‍ത്ത വ്യക്തമാക്കുന്നു. ആന്റി-ഫ്രോഗ്മാന്‍ റോക്കറ്റ് ലോഞ്ചര്‍ പ്രതിരോധ സംവിധാനമാണ് ഇവിടെയുള്ളത്.
ശത്രുരാജ്യങ്ങളില്‍ നിന്നുള്ള നീക്കങ്ങളെ കണ്ടെത്താനും മറുപടി കൊടുക്കാനും ഈ സംവിധാനത്തിന് കഴിയും. അതേസമയം, റോക്കറ്റ് ലോഞ്ചറുകള്‍ എന്നതാണ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല. ദ്വീപ് കൈവശപ്പെടുത്തിയ ചൈന അവിടെ എയര്‍സ്ട്രിപ് നിര്‍മിച്ചിട്ടുണ്ട്.
കൃത്രിമമായി ദ്വീപ് വലുതാക്കുകയും ചെയ്തു. ദക്ഷിണ ചൈനാക്കടലില്‍ 21,300 കോടി ബാരല്‍ ക്രൂഡ് ഓയില്‍ ഉണ്ടെന്നാണ് കണക്ക്. കടലിന്മേലുള്ള അവകാശത്തിന് 2000 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ചൈനയുടെ വാദം.






