
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ള ഭരണസമിതി അംഗങ്ങളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി) നീക്കം. 2025-ൽ സന്നിധാനത്തെ ദ്വാരപാലക പാളി മാറ്റിയതുമായി ബന്ധപ്പെട്ട് കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയത്തെത്തുടർന്നാണ് മുൻ ഭരണസമിതിക്കെതിരെ നടപടിക്ക് പുതിയ അന്വേഷണസംഘം ഒരുങ്ങുന്നത്.
ശ്രീകോവിലിന്റെ സ്വർണപ്പാളികൾ കൈമാറിയതിൽ വലിയ ദുരൂഹതയുണ്ടെന്നും മുൻ ഭരണസമിതിക്ക് ഇതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. പ്രശാന്തിന് പുറമെ അന്നത്തെ ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന അജികുമാർ, സന്തോഷ് എന്നിവരടങ്ങുന്ന മൂന്നംഗ ഭരണസമിതിയെ കേസിൽ പ്രതി ചേർക്കാനാണ് തീരുമാനം.
ഹൈക്കോടതിയുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങാതെയാണ് 2025-ൽ ദ്വാരപാലക ശിൽപങ്ങളും കട്ടിളപ്പാളികളും സ്വർണം പൂശാനായി വിട്ടുനൽകിയതെന്ന് എസ്.ഐ.ടിയുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് എസ്.ഐ.ടി സംശയിക്കുന്നത്. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും.
ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ സാധിക്കില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. ഈ മാസം 29-നകം കേസിന്റെ സമഗ്രമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോടതി നിശ്ചയിച്ച സമയപരിധിക്ക് മുൻപ് തന്നെ ഇവർക്കെതിരെ കേസെടുത്ത് റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തകൃതിയായ നീക്കം.
ഭരണസമിതിയുടെ പൂർണ്ണമായ അറിവോടും സമ്മതത്തോടും കൂടിയാണ് ദ്വാരപാലക ശിൽപങ്ങളും കട്ടിളപ്പാളികളും സ്വർണം പൂശാനെന്ന വ്യാജേന കൈമാറിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്, കൂടുതൽ പ്രമുഖരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് എസ്.ഐ.ടി അന്വേഷണം ശക്തമാക്കുന്നത്.






