
ന്യൂഡല്ഹി: ഒന്നാം യു.പി.എ സര്ക്കാരിന്റെ കാലത്ത് നടന്ന കല്ക്കരിപ്പാടം കുംഭകോണ കേസില് മൂന്നു പേര് കുറ്റക്കാരാണെന്ന് വിചാരണ കോടതി. ഇടപാട് നടന്ന കാലത്തെ ഖനി സെക്രട്ടറിയായിരുന്ന എച്ച്.സി ഗുപ്ത, മുന് ജോയിന്റ് സെക്രട്ടറി കെ.എസ് ക്രോഫ, അന്നത്തെ ഡയറക്ടര് കെ.സി സമറിയ എന്നിവരാണ് കുറ്റക്കാരായി ഡല്ഹി പ്രത്യേക സി.ബി.ഐ കോടതി വിധിച്ചത്. ഇവര്ക്കുള്ള ശിക്ഷ ഈ മാസം 22ന് പ്രഖ്യാപിക്കും.
കേസില് പ്രതിചേര്ക്കപ്പെട്ട ചാര്ട്ടേര്ഡ് അക്കൗണ്ടന്റ് അമിത് ഗോയലിനെ കോടതി വെറുതെവിട്ടു. കല്ക്കരിപ്പാടം സ്വന്തമാക്കിയ കെ.എസ്.എസ്.പി.എല് കമ്പനിയെയും അതിന്റെ എം.ഡി പവന് കുമാര് അലുവാലിയയേയും കുറ്റക്കാരായി കണ്ടെത്തിയതായി പ്രത്യേക ജഡ്ജ് ഭരത് പരാഷര് വ്യക്തമാക്കി. മധ്യപ്രദേശിലെ തേഷ്ഗോര-ബി റുദ്രപുരി കല്ക്കരി പാടം കെ.എസ്.എസ്.പി.എല്ലിന് നല്കിയതില് ക്രമക്കേട് നടന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.
കല്ക്കരി പാടം അനുവദിച്ചുകിട്ടാന് കമ്പനി നല്കിയ അപേക്ഷ അപൂര്ണ്ണമായിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. കമ്പനിയുടെ ആസ്തി സംബന്ധിച്ച് നല്കിയ അപേക്ഷയും വ്യാജമായിരുന്നു. കമ്പനിക്ക് കല്ക്കരിപ്പാടം അനുവദിക്കാന് സംസ്ഥാന സര്ക്കാരിന്റെ ശിപാര്ശയും ഉണ്ടായിരുന്നില്ല. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിംഗിനെ വരെ സംശയത്തിന്റെ മുള്മുനയില് നിര്ത്തുന്നതയായിരുന്നു കല്ക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത സ്വീകരിച്ച നടപടിയെന്നും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
കല്ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് എട്ടു കേസുകളാണ് ഗുപ്തയ്ക്കും മറ്റു പ്രതികള്ക്കുമെതിരെ എടുത്തിട്ടുള്ളത്. ഇവയില് സംയുക്ത വിചാരണ വേണമെന്ന ഹര്ജി സുപ്രീം കോടതി അടുത്തിടെ നിരസിച്ചിരുന്നു.







Comments