തിരുവനന്തപുരം: കവര്‍ച്ചാ കേസില്‍ കുപ്രസിദ്ധ കുറ്റവാളി ബണ്ടി ചോറിന് പത്ത് വര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബണ്ടി ചോറിനെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യുഷന്റെ ആവശ്യവും കോടതി അംഗീകരിച്ചു.
പ്രവാസി മലയാളിയായ വേണുഗോപാലന്‍ നായരുടെ തിരുവനന്തപുരം പട്ടത്തെ വസതിയില്‍ നിന്നും വന്‍ കവര്‍ച്ച നടത്തിയ കേസിലാണ് ശിക്ഷ. 2013 ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുപ്പത് ലക്ഷം രൂപ വിലയുള്ള മിസ്തുബിഷി കാറും ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണവുമാണ് ഇയാള്‍ കവര്‍ന്നത്. രണ്ട് ദിവസത്തിന് ശേഷം കര്‍ണാകടയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.
നാല് വര്‍ഷമായി പൂജപ്പുര ജയിലില്‍ കഴിയുന്ന ബണ്ടി ചോര്‍ നിരവധി തവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. ഇടയ്ക്ക് മാനസിക വിഭ്രാന്തിക്ക് ചികിത്സ തേടിയ ബണ്ടി ചോറിനെ വീണ്ടും ജയിലില്‍ അടയ്ക്കുകയായിരുന്നു.






