
ന്യുഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിനുള്ള കേന്ദ്രഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരുന്നു കൂടിക്കാഴ്ച. ജൂലായില്തമിഴ്നാട് നിയമസഭയില്‍ സ്ഥാപിക്കുന്ന മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യാന്‍ പളനിസ്വാമി പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു.
സംസ്ഥാനത്തിന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചുവെന്നും അദ്ദേഹത്തെ സംസ്ഥാനത്തേക്ക് ക്ഷണിക്കുകയും ചെയ്തുവെന്ന് പളനി സ്വാമി പറഞ്ഞു. ജയലളിതയുടെ ഛായാചിത്രത്തിന്റെ അനാച്ഛാദത്തിനൊപ്പം എഐഎഡിഎംകെ സ്ഥാപകന്‍ എം.ജി രാമചന്ദ്രന്റെ ശതാബ്ദി ആഘോഷത്തിലേക്കും മോഡിയെ ക്ഷണിച്ചിട്ടുണ്ട്. ഡിസംബറിലാണ് ശതാബ്ദി. മോഡിയുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.
സംസ്ഥാനത്തിന്റെ വിവിധ പദ്ധതികള്‍ക്കുള്ള 17,333.28 കോടി രൂപ ഇപ്പോഴും കേന്ദ്രത്തല്‍ കെട്ടിക്കിടക്കുകയാണ്. 14,500 കോടിയുടെ കാവേരി പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കണമെന്നും പളനിസ്വാമി ആവശ്യപ്പെട്ടു. എയിംസ് ആശുപത്രി, ദേശീയ കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി, പ്രധാന്‍മന്ത്രി ഫസല്‍ ബിമ യോജ, പമ്പ- അച്ചന്‍കോവില്‍ വൈപ്പാര്‍ നദി സംയോജനം അടക്കമുള്ള വിഷയങ്ങള്‍ മോഡിയുടെ ശ്രദ്ധയില്‍പെടുത്തിയതായും പളനിസ്വാമി പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കൂടാതെയാണ് പളനിസ്വാമി ഡല്‍ഹി യാത്ര നടത്തിയതെന്നും സൂചനയുണ്ട്. മോഡിയുമായി നടത്തുന്ന രാഷ്ട്രീയ ചര്‍ച്ചകളിലെ രഹസ്യം സൂക്ഷിക്കാനാണിതെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം എഐഎഡിഎംകെ മറുപക്ഷം നേതാവ് ഒ.പനീര്‍ശെല്‍വവും മോഡിയെ കണ്ടിരുന്നു.
അതിനിടെ, ഡല്‍ഹിയിലെ തമിഴ്നാട് ഹൗസില്‍ പളനിസ്വാമിക്കെതിരെ പ്രതിഷേധം നടന്നു. ജല്ലിക്കെട്ട് വിഷയത്തില്‍ സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കണമെന്ന് വശ്യപ്പെട്ടായിരുന്നു പ്രതിഷേധം.






