
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദിന് കമാന്‍ഡര്‍ സബ്സര്‍ അഹമ്മദ് ഭട്ട് തീവ്രവാദ സംഘടനയിലേക്ക് ആകര്‍ഷിക്കപ്പെട്ടത് പ്രണയ പരാജയത്തെ തുടര്‍ന്ന്. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ബര്‍ഹാന്‍ വാനിയുടെ പകരക്കാരനായാണ് സബ്സര്‍ ഹിസ്ബുളിന്റെ തലവനായത്. ഇന്നലെ ട്രാളില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഭട്ട് ഉള്‍പ്പെടെ എട്ട് തീവ്രവാദികളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
ഹിസ്ബുളിന്റെ തീവ്രവാദം ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകളിലും ഫോട്ടോകളിലും പ്രത്യക്ഷപ്പെട്ടിരുന്നത് ഭട്ട് ആയിരുന്നു. തീവ്രവാദികള്‍ക്കിടയില്‍ സാബ് ഡോണ്‍ എന്നായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. എ കാറ്റഗറി തീവ്രവാദിയായിരുന്ന ഭട്ട് തന്റെ പ്രണയം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നത്. ഇയാള്‍ പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹാഭ്യര്‍ത്ഥന നിരസിക്കുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
ബര്‍ഹാന്‍ വാനിയുടെ ബാല്യകാല സുഹൃത്ത് കൂടിയാണ് അഹമ്മദ് ഭട്ട്. അതേസമയം മരിക്കുന്നതിന് തൊട്ടുമുമ്പ് ഇയാള്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. സൈന്യത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റതിന് പിന്നാലെയാണ് ഇയാള്‍ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടത്. ചെയ്തത് തെറ്റാണെങ്കില്‍ ക്ഷമിക്കണമെന്നും തങ്ങള്‍ വളയപ്പെട്ടിരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു.







Comments