ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സബ്സര്‍ അഹമ്മദ് ഭട്ടിന്റെ ശവസംസ്കാരത്തില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ബര്‍ഹാന്‍ വാനിയുടെ പിതാവും പങ്കെടുത്തു. ശനിയാഴ്ച രാവിലെ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഭട്ട് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ പുല്‍വാമയിലെ ഗ്രാമത്തില്‍ ഇയാളുടെ ഖബറടക്കം നടന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷം ഭട്ടായിരുന്നു ഹിസ്ബുളിനെ നയിച്ചിരുന്ന്.
പുല്‍വാമയിലെ രസ്തന് ഗ്രാമത്തിലാണ് ഭട്ടിന്റെ ശവസംസ്കാര ചടങ്ങ് നടന്നത്. നിരോധനാജ്ഞ ലംഘിച്ചും ശവസംസ്കാര ചടങ്ങില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പേര് പങ്കെടുത്തു. എന്നാല്‍ വാനിയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത അത്രയും ആളുകള്‍ ഭട്ടിന്റെ സംസ്കാത്തിന് എത്തിയില്ല. ബര്‍ഹാന്‍ വാനിയുടെ പിതാവ് മുസാഫര്‍ വാനിയും ചടങ്ങില്‍ പങ്കെടുത്തു. ഭട്ടും വാനിയും ത്രാള്‍ സ്വദേശികളാണ്.
അതേസമയം ഭട്ട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കശ്മീരില്‍ വീണ്ടും സംഘര്‍ഷം തുടങ്ങിയിട്ടുണ്ട്. വാനിയുടെ കൊലപാതകത്തിന് പിന്നാലെയുണ്ടായ പ്രതിഷേധത്തില്‍ 25 സൈനികരടക്കം 55 പേര് കൊല്ലപ്പെട്ടിരുന്നു.






