
ആലപ്പുഴ: വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തിക്കാനാണ് സര്‍ക്കാര്‍ ആലോചലിക്കുന്നത്. വിഴിഞ്ഞം കരാര്‍ സംബന്ധിച്ച സി.എ.ജിയുടെ വിമര്‍ശനം അതീവ ഗൗരവമുള്ളതാണ്. ഇതിനെക്കുറിച്ച് സര്‍ക്കാര്‍ പരിശോധന നടത്തും. പരിശോധനയ്ക്ക് ശേഷം തുടര്‍നടപടി സ്വീകരിക്കും. മുന്‍ സര്‍ക്കാര്‍, ഈ സര്‍ക്കാരിന് മേല്‍ ബാധ്യത അടിച്ചേല്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍. അദാനിക്ക് നേട്ടം നല്‍കുന്നതാണ് കരാര്‍. പദ്ധതിയുടെ നിര്‍മ്മാണ കാലാവധി പത്ത് വര്‍ഷം കൂട്ടി നല്‍കിയത് നിയമവിരുദ്ധമാണ്. നിര്‍മ്മാണ കാലാവധി 30 വര്‍ഷമെന്നത് 40 വര്‍ഷമായാണ് കൂട്ടി നല്‍കിയത്. ഇതിലൂടെ 29.21 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് ലഭിക്കുമെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍.
20 വര്‍ഷം കൂടി അധികം നല്‍കാമെന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇപ്രകാരം ചെയ്യുന്നതിലൂടെ 61,095 കോടി രൂപ അധിക വരുമാനം അദാനിക്ക് ലഭിക്കും. സര്‍ക്കാര്‍ ചെലവഴിച്ച തുക പതിനൊന്നാം വര്‍ഷം മുതല്‍ തിരിച്ചു നല്‍കണമെന്ന വ്യവസ്ഥയും അട്ടിമറിച്ചു. ഓഹരി ഘടനയില്‍ മാറ്റം വരുത്തിയതോടെ സര്‍ക്കാരിന് 283 കോടി രൂപയുടെ നഷ്ടമുണ്ടാകും. ആസ്തികള്‍ പണയം വയ്ക്കാന്‍ കമ്പനിക്ക് അവകാശം നല്‍കിയത് കമ്പനിയെ സഹായിക്കാനാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.






