
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ തകര്‍ന്നടിഞ്ഞ് ന്യൂസിലാന്‍ഡ് ബാറ്റിങ് നിര. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവികള്‍ 38.4 ഓവറില്‍ 189 റണ്‍സിന് ഓള്‍ഔട്ടായി. മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബോളര്‍മാര്‍ക്കുമുന്നില്‍ കിവികളുടെ ബാറ്റിങ് നിരയുടെ നിറം മങ്ങുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.
ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റും അശ്വിനും ഉമേഷ് യാദവും ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
കിവീസ് നിരയില്‍ ലൂക്ക് റോഞ്ചിയ്ക്കും (66) നീഷാമിനും (46) മാത്രമാണ് ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നില്ക്കാന് സാധിച്ചുള്ളു. കോറി ആന്‍ഡേഴ്ണും (13) കോളിന് ദെ ഗ്രാന്‍ഡ്ഹോമും (13) മാത്രമാണ് ഇവരെക്കുടാതെ രണ്ടക്കാം കടന്ന മറ്റ് താരങ്ങള്‍. ബാക്കി എല്ലാരും രണ്ടക്കം കാണുന്നതിന് മുമ്പ് തന്നെ ക്രീസ് വിട്ടു.
എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായ ഇന്നു നടക്കുന്ന സന്നാഹ മത്സരത്തില്‍ നിന്നും യുവരാജ് സിങിനെയും രോഹിത് ശര്‍മ്മയെയും ഒഴിവാക്കി. വൈറല്‍ പനി ബാധിച്ചതാണ് യുവിയെ ഒഴിവാക്കാനുള്ള കാരണം.വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് തിരിച്ചുപോയ രോഹിത് ശര്‍മ്മ ഇന്ന് മാത്രമേ ഇംണ്ടില്‍ തിരിച്ചെത്തുകയുള്ളു. എന്നാല്‍ രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ യുവി അസുഖത്തില്‍ നിന്നും മുക്തനാകുമെന്നും ടീമിനൊപ്പം ചേരാന്‍ സാധിക്കുമെന്നും ടീം ഡോക്ടര്‍ അറിയിച്ചതായി ടീം ഇന്ത്യ മാനേജ്മെന്റ് അറിയിച്ചു.
ബംഗ്ലദേശിനെതിരായ രണ്ടാം സന്നാഹമത്സത്തില്‍ ഇരുവരും കളിച്ചേക്കും. ചൊവ്വാഴ്ചയാണ് ബംഗ്ലദേശിനെതിരെയുള്ള മത്സരം. ജൂണ്‍ ഒന്നിനാണ് ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്. നാലിന് പാക്കിസ്താനെതിരെയാണ് ഇന്ത്യയുടെ മത്സരം.






