
കൊച്ചി : മതം മാറിയ വിവാഹിതയായ യുവതിയെ വിവാഹം റദ്ദാക്കി കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ട സംഭവത്തെ തുടര്‍ന്നുണ്ടായ ലാത്തിച്ചാര്ജ്ജിനെതിരേ എറണാകുളത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. മുസ്ളീം ഏകോപനസമിതിയാണ് ഇന്നലെ ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായ സാഹചര്യത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്. ഇന്നലെ ഇവര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. എന്നിരുന്നാലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കേസില്‍ ഹാദിയയുടെ വിവാഹം അസാധുവാക്കിയ ഉത്തരവ് റദ്ദാക്കണമെന്നും വീട്ടു തടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇന്നലെ മുസ്ളീം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച നടത്തിയത്. എന്നാല്‍ ആല്‍ബര്‍ട്സ് കോളേജിന് മുന്നില്‍ വെച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടയുകയും ജലപീരങ്കിയും ലാത്തിച്ചാര്‍ജ്ജും ഉപയോഗിക്കുകയുമായിരുന്നു.
സംഭവത്തില്‍ നാലു പ്രതിഷേധക്കാര്‍ക്കും രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. നിലവില്‍ ഹദിയ വൈക്കത്ത് മാതാപിതാക്കള്‍ക്കൊപ്പമാണ്. നിര്‍ബ്ബന്ധിത മത പരിവര്‍ത്തനം നടത്തിയും മാതാപിതാക്കളുടെ അസാന്നിദ്ധ്യത്തിലുമാണ് വിവാഹം എന്ന് പറഞ്ഞായിരുന്നു ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ വിധി രാജ്യത്തെ വ്യക്തികളുടെ വിശ്വാസത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ഹനിക്കുന്നത് ആണെന്നും പിന്‍വലിക്കും വരെ സമരം നടത്തുമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.






