
ലഖ്നൗ: 1992ല്‍ അയോധ്യയിലെ ബാബ്റി മസ്ജിദ് പൊളിച്ച കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാ ഭാരതി അടക്കം 12 പേര്‍ക്ക് ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു. വ്യക്തിപരമായ 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ മൂന്നു പേരും ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു.
കേസില്‍ തങ്ങള്‍ക്കെതിരെ കുറ്റം ചുമത്തുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജിയില്‍ രാവിലെ പത്തു മിനിറ്റോളം കോടതി വാദം കേട്ടു. ഹര്‍ജിയില്‍ ഉടന്‍ വിധിപറയും. പള്ളി പൊളിക്കുന്നതില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നും അതിനാല്‍ ഗൂഢാലോചന കുറ്റം ചുമത്തരുതെന്നുമാണ് ഇവരുടെ ആവശ്യം.
25 വര്‍ഷത്തിനു ശേഷമാണ് അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ കോടതിയില്‍ ഹാജരാകുന്നത്. 89കാരനായ അദ്വാനി കേസില്‍ ഇതു രണ്ടാം തവണയാണ് കോടതിയില്‍ എത്തുന്നത്. നേരത്തെ വിവിഐപി ഗസ്റ്റ് ഹൗസില്‍ എത്തിയ അദ്വാനിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു.
ബാബ്റി മസ്ജിദ് കേസില്‍ ബി.ജെ.പി നേതാക്കളെ വെറുതെവിട്ട കോടതിവിധിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി കേസ് പുനഃസ്ഥാപിക്കുകയും അദ്വാനി അടക്കമുള്ള നേതാക്കള്‍ ഗൂഢാലോചന കേസില്‍ വിചാരണ നേരിടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തത്.






